ഡല്‍ഹി: മോദിയുടെ പാക് സന്ദര്‍ശനത്തിന് അദ്വാനിയുടെ പിന്തുണ.ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി തുടങ്ങിവെച്ച നടപടികളുമായി മുന്നോട്ടുപോകണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലാഹോര്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയും മന്ത്രിമാരും ദൃഢചിത്തതയോടെ പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും ഇരു രാജ്യങ്ങള്‍ക്കും ഭീഷണിയായിരിക്കുന്ന ഭീകരവാദം ഉന്മൂലനം ചെയ്യണമെന്നും അദ്വാനി പറഞ്ഞു. 2004ല്‍ വാജ്പേയിക്കു ശേഷം പാകിസ്ഥാന് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
സാര്‍ക്ക് ഉച്ചകോടിയുടെ ഭാഗമായി പാകിസ്ഥാനിലെത്തിയ വാജ്പേയി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മുടങ്ങിക്കിടന്ന സമാധാന ചര്‍ച്ചകള്‍ തുടരാന്‍ ധാരണയുണ്ടാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തി. എന്നാല്‍ 2008 ല്‍ നടന്ന മുംബൈ ആക്രമണം സമാധാന ചര്‍ച്ച തകിടം മറിക്കുകയായിരുന്നു.
അതേസമയം, ഡി.ഡി.സി.എ അഴിമതിയുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ബി.ജെ.പി എം.പി കീര്‍ത്തി ആസാദിനെ സസ്പെന്‍ഡ് ചെയ്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ അദ്വാനി തയ്യാറായില്ല. കഴിഞ്ഞ ദിവസം അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ യോഗം ചേര്‍ന്നിരുന്നു.
Discussion about this post