ഡെറാഡൂൺ: ഉത്തരകാശിയിൽ തകർന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കുടുങ്ങിക്കിടക്കുന്നവരുമായി തങ്ങൾ നിരന്തരമായി സംസാരിക്കുന്നുണ്ട്. അവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനായുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു വരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
‘തുരങ്കത്തിൽ അകപ്പെട്ട എല്ലാ തൊഴിലാളികളും സുരക്ഷിതരാണ്. എൻഎച്ച്ഐഡിസിഎൽ ജോലികൾ പൂർത്തിയാക്കി. തുരങ്ക നിർമാണം അവസാന ഘട്ടത്തിലാണ്. വെറും 400 മീറ്റർ മാത്രമേ അവശേഷിക്കുന്നുള്ളൂ. സ്ഥിതിഗതികൾ അവലോകനം ചെയ്തുവരികയാണ്.
പ്രധാനമന്ത്രി രക്ഷാപ്രവർത്തനം വിലയിരുത്തുകയാണ്. എല്ലാവരുമായും നിരന്തരം വിവരങ്ങൾ തേടുന്നുണ്ട്’- മുഖ്യമന്ത്രി വ്യക്തമാക്കി. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെയും അതിവേഗം പുറത്തെത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നിരുന്നു.
ഇന്ന് പുലർച്ചെ കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വികെ സിംഗ് അപകട സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി. അദ്ദേഹം തൊഴിലാളികളുമായി സംസാരിച്ചിരുന്നു. അവർക്കു വേണ്ട എല്ലാവിധ പിന്തുണയും നൽകുമെന്ന് വികെ സിംഗ് തൊഴിലാളികൾക്ക് ഉറപ്പു നൽകിയതായി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കേണൽ ദീപക് പാട്ടീൽ പറഞ്ഞു. ‘ഡ്രില്ലിംഗ് ജോലികൾ പുനരാരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോൾ ദ്രുതഗതിയിലാണ്. അരമണിക്കൂറിനുള്ളിൽ പുതിയ യന്ത്രം ഏകദേശം 3 മീറ്റർ തുരന്നു കഴിഞ്ഞു. എന്നാൽ, വേഗത ഇനിയും കൂടാനോ കുറയാനോ സാധ്യതയുള്ളതിനാൽ കൃത്യമായ സമയം നൽകാൻ കഴിയില്ല’- അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ നിന്ന് വായു മാർഗം കൊണ്ടുവന്ന യന്ത്രങ്ങളുടെ സ്ഥാപിച്ചു കഴിഞ്ഞതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും എൻഎച്ച്ഐഡിസിഎൽ ടണൽ പ്രോജക്ട് ഡയറക്ടർ അൻഷു മനീഷ് ഖുൽകോ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ശേഷം തൊഴിലാളികളെ ചികിത്സയ്ക്കായി ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
Discussion about this post