കെവിഎസ് ഹരിദാസ്
കേരളത്തിന്റെ ആധ്യാത്മിക കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശിവഗിരി എന്നതില്‍ ആര്‍ക്കെങ്കിലും അഭിപ്രായ ഭിന്നതയുണ്ടാവും എന്ന് തോന്നുന്നില്ല. ഒരുപക്ഷെ ശ്രീ ശങ്കരന്റെ ജന്മം കൊണ്ട് പവിത്രമായ കാലടിയും അതിനൊപ്പം ഉണ്ടാവും. അത്രയ്ക്ക് പ്രാധാന്യം ശിവഗിരിക്കുണ്ട്. എന്നാല്‍ ആ പുണ്യ തീര്‍ത്ഥാടന കേന്ദ്രം വീണ്ടും പുണ്യാഹം നടത്തി ശുദ്ധീകരിക്കേണ്ടുന്ന സ്ഥിതിയിലേക്ക് എത്തുന്നുവോ?. ഏറ്റവുമൊടുവില്‍ ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യാനായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തതും അവിടെനിന്നുകൊണ്ട് തനി രാഷ്ട്രീയ പ്രസംഗം നടത്തിയതുമൊക്കെ അത്തരമൊരു ചിന്തയിലേക്കാണ് പലരെയും നയിക്കുന്നത്. അതിനുപിന്നാലെ ശ്രീനാരായണ പ്രസ്ഥാനത്തെ തളര്‍ത്താനും തകര്‍ക്കാനുമായി പദ്ധതിയും ശിവഗിരിയില്‍ നിന്ന് ഉടലെടുക്കുകയാണത്രേ. എസ്എന്‍ ഡിപിയെ പൊളിച്ചടക്കാന്‍ കോണ്‍ഗ്രസും കൂട്ടരും നടത്തുന്ന കുത്സിത ശ്രമത്തിന്റെ ഭാഗമാണിത് എന്ന് വ്യക്തം. അതിനായി മുംബൈയിലെ കോണ്‍ഗ്രസുകാര്‍ പോലും അടുത്തിടെ തള്ളിപ്പറഞ്ഞ സോണിയയെ എഴുന്നള്ളിച്ചത് കഷ്ടമായിപ്പോയി.
കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ആധ്യാത്മികാചാര്യനായ സ്വാമി പ്രകാശാനന്ദ അധ്യക്ഷനായ സമിതി നീങ്ങിയത് ശരിയാണോ എന്നത് കേരളം വിലയിരുത്തും. മുന്‍പ്, 1994 ല്‍ ശിവഗിരിയെ രക്ഷിക്കാന്‍ എന്നുപറഞ്ഞു ചിലരെല്ലാം കൂടി ഐ എസ് എസ് ഗുണ്ടകളെയും അബ്ദുള്‍ നാസര്‍ മദനിയേപ്പോലുള്ളവരെയും അണിനിരത്തിയത്
മറന്നുകൂടാ. ഇന്നത് മറ്റൊരു രൂപത്തില്‍ നടക്കുകയാണ് എന്നതാണ് ആശങ്കക്ക് കാരണം.
ശിവഗിരിയുടെ ചരിത്രം ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. ശ്രീ നാരായണഗുരുദേവന്റെ സമാധിസ്ഥലമാണത്. അതുകൊണ്ടുതന്നെയാണ് അതിന്റെ പവിത്രത കൂടുന്നത്. മറ്റൊന്ന് ശാരദാ ദേവി കുടികൊള്ളുന്ന സ്ഥലമാണ് അതെന്നതാണ്. 1904 ലാണ് ശിവഗിരി നിര്‍മ്മിക്കപ്പെട്ടത്. ശാരദ പ്രതിഷ്ഠ നടന്നത് 1912 ല്‍. ഏതാണ്ട് 112 വര്‍ഷത്തെ ചരിത്രമുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രത്തിലാണ് നടക്കാന്‍ പാടില്ലാത്തത് നടക്കുന്നത്. അത് തടയേണ്ട സന്യാസിമാര്‍ ഇന്നിപ്പോള്‍ ആരുടെയോ രാഷ്ട്രീയക്കളിയുടെ കാഴ്ചക്കാരായി മാറുന്നു. ഇത്തരം ഇടപെടലുകളാണ് 1994 ല്‍ ശാശ്വതീകാനന്ദ നടത്തിയത്; അതിനെതിരെയാണ് സ്വാമി പ്രകാശാനന്ദയും ഋതംബരാനന്ദ അടക്കമുള്ള സന്യാസിവര്യന്മാരും അന്ന് പോരാടിയത്. അതൊക്കെ ഇന്നിപ്പോള്‍ മറ്റൊരു രൂപത്തില്‍ ആശ്രമ സങ്കേതത്തിലേക്ക് തിരിച്ചുവരികയാണോ?. രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെയും അവിടേക്ക് ക്ഷണിക്കാറുണ്ട്, പ്രത്യേകിച്ച് തീര്‍ത്ഥാടന മഹാമഹത്തിന്. എന്നാല്‍ ഇത്തവണ കേന്ദ്രം ഭരിക്കുന്ന കക്ഷിയെ ഒഴിവാക്കി. എന്നിട്ടാണ് അഴിമതിക്കേസുകളില്‍ പെട്ടു കോടതികയറി നടക്കുന്നവരെ ക്ഷണിച്ചുവരുത്തി രാഷ്ട്രീയകളിക്കുവേദിയാക്കിയത്. ശ്രീനാരായണീയരും കേരളവും അതൊക്കെ വിലയിരുത്തുമെന്ന് തീര്‍ച്ച. തങ്ങള്‍ ഇന്നിപ്പോള്‍ ചെയ്യുന്നതും ചെയ്തതും ശരിയാണോ എന്ന് ശിവഗിരിയിലെ ഈ സന്യാസിവര്യന്മാര് സ്വയം പരിശോധിക്കുമെന്നും കരുതാം.
സോണിയയെക്കുറിച്ച് എന്തെങ്കിലും പുതിയ ആക്ഷേപം ഉന്നയിക്കുകയല്ല; അങ്ങിനെ ഒരു തെറ്റിദ്ധാരണ ആര്‍ക്കും വേണ്ട. മറിച്ച് രാജ്യമെമ്പാടും അല്ല ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരുകാര്യം ഇവിടെ സൂചിപ്പിക്കുന്നുവെന്ന് മാത്രം. അടുത്തിടെ സോണിയയുടെ പാര്‍ട്ടിയുടെ മുംബൈ ഘടകത്തിന്റെ മുഖപത്രമായ ‘കോണ്‍ഗ്രസ് ദര്ശന്’ പ്രസിദ്ധീകരിച്ച ലേഖനമുണ്ട്. അത് ഇതിനകം വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുമുണ്ട്. ആ ലേഖനത്തിലെ എല്ലാ പരാമര്‍ശങ്ങളും ഇവിടെ വിലയിരുത്താന്‍ കഴിയില്ല; അതിനാവശ്യമായ സ്ഥലവുമില്ല. എന്നാല്‍ സോണിയയെക്കുറിച്ച് അതില്‍ എഴുതിയത് പറയാതെവയ്യ. അതിനിവിടെ ഇന്നിപ്പോള്‍ വളരെ പ്രസക്തിയുമുണ്ട്. സോണിയയുടെ പിതാവ് ഇറ്റലിയിലെ ഒരു ഫാസിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു എന്നതാണത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന് വെറും 62 ദിവസം പിന്നിടുന്നതിനു മുന്‍പ് പാര്‍ട്ടി അധ്യക്ഷ പദവി പിടിച്ചടക്കുകയും പ്രധാനമന്ത്രിയാവാന്‍ ശ്രമിക്കുകയും ചെയ്തുവെന്നത് അതിനൊപ്പം കൂട്ടിവായിക്കണം. സ്വന്തം പിതാവിന്റെ ഫാസിസ്റ്റ് പാരമ്പര്യം അവരില്‍ ഇന്നും പ്രകടമാണ് എന്നാണ് കോണ്‍ഗ്രസ് മുഖപത്രം നമ്മോടു പറഞ്ഞത്. ഇന്ത്യയെപ്പോലുള്ള സാംസ്കാരികമായി ഏറെ സമ്പന്നമായ നാടിന്റെ ഒരു ഗതികേടായെ ഇതിനെയൊക്കെ കാണാനാവൂ; ഒരു വലിയ ശതമാനം കോണ്‍ഗ്രസുകാര്‍ക്കും നാണവും മാനവും ഇല്ലാത്തതിനാല്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല.
സോണിയയെക്കുറിച്ച് കുറെയേറെ കഥകള്‍ കേട്ടിട്ടുണ്ട്. അതില്‍ പലതും ഇനിയും നിഷേധിക്കപ്പെട്ടിട്ടില്ല എന്നത് പ്രധാനമാണ്. അതുമല്ല, ആ ‘വസ്തുതകള്‍’ പരസ്യമായി എഴുതിയ പ്രമുഖര്‍ക്കെതിരെ ഒരു വക്കീല്‍ നോട്ടീസ് പോലും സോണിയാദികള് അയച്ചതുമില്ല. അമേരിക്കയില്‍ ഇതുസംബന്ധിച്ച് ഒരു കേസ് കോടതിയില്‍ കൊടുത്തിരുന്നു. 2007ലെ സോണിയയുടെ യുഎസ് സന്ദര്‍ശന വേളയില്‍ അവിടെയുള്ള ഇന്ത്യന്‍ വംശജരില്‍ ചിലര്‍ കൊടുത്ത ഒരു പത്രപരസ്യത്തിന്റെ പേരിലാണത് . സോണിയയെ തുറന്നുകാട്ടുന്നതായിരുന്നു ആ പരസ്യം. ‘ന്യൂ യോര്‍ക്ക് ടൈംസ്’ ആണ് ആ പരസ്യം പ്രസിദ്ധീകരിച്ചത് എന്നതും മറന്നുകൂടാ. അന്നതിനെതിരെ അമേരിക്കന്‍ കോടതിയില്‍ നഷ്ടപരിഹാരത്തിന് കേസ് ഫയലാക്കി. അമേരിക്കയിലെ ‘ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഇന്ക് ‘ എന്ന സംഘടനയാണ് കേസ് ഫയല്‍ ചെയ്തത്. എന്‍ ആര് ഐ കളായ നാരായണ്‍ കതാമി, അരീഷ് സബാനി, ഭരത് ബരായ് എന്നിവരായിരുന്നു എതിര്‍കക്ഷികള്‍. എന്നാല്‍ മാനനഷ്ടക്കേസായതിനാല് മാനനഷ്ടം സംഭവിച്ചു എന്ന് കരുതുന്നവര്‍ തന്നെ കേസ് ഫയല്‍ചെയ്യണം എന്നതായിരുന്നു യുഎസ് കോടതിയുടെ വിധി. മാന നഷ്ടം സംഭവിച്ചോ എന്നറിയാന്‍ മാനനഷ്ടം ഉണ്ടായി എന്നുകരുതുന്നവരെ ക്രോസ് വിസ്താരം നടത്തണമെന്നും ഇന്ത്യന്‍ വംശജര്‍ കോടതിയില്‍ അറിയിച്ചു. അതോടെ ഇനി കൂടുത ല്‍ കേസുവേണ്ട എന്നുപറഞ്ഞ് സോണിയയും പ്രഭൃതികളും ഓടി രക്ഷപ്പെടുകയായിരുന്നു. സോണിയയുടെ യഥാര്‍ഥ ചരിത്രം വിശകലനം ചെയ്യപ്പെടുമെന്ന ആശങ്ക തന്നെയാണ് പ്രശ്നം. ഇതുവരെ അത് ഒരിടത്തും വിശകലനം ചെയ്യപ്പെട്ടീട്ടില്ല എന്നതും പറയാതെവയ്യ.
ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് വിമര്‍ശിക്കപ്പെടുന്നതില്‍ സാധാരണ നിലക്ക് വിഷമമോ ആശങ്കയോ ഉണ്ടാവേണ്ടകാര്യമില്ല. പൊതുപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കു മുന്നില്‍ സര്‍വതും തുറന്നുപറയാന്‍ ബാധ്യസ്ഥരാണ്. അത് ആരെങ്കിലും അന്വേഷിച്ചുപോയാല്‍ കുറ്റപ്പെടുത്താന്‍ കഴിയുകയുമില്ല. അടുത്തകാലത്ത് അത്തരം എത്രയോ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നു. നരേന്ദ്ര മോഡി കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ കടന്നാക്രമിക്കപ്പെട്ടപോലെ മറ്റാരെങ്കിലും വിമര്ശിക്കപ്പെട്ടോ ?. ഉണ്ടാവില്ല. എന്തെല്ലാം ആക്ഷേപങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടു. എത്രയോ തവണ അദ്ദേഹം കോടതികയറി. എന്നാല്‍ സത്യം ജയിച്ചു. അദ്ദേഹം അഗ്നിശുദ്ധി വരുത്തി പുറത്തിറങ്ങി; ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി. എന്നാലിന്നും മോഡിക്കെതിരെ എന്തെല്ലാം പറയുന്നു ഇതേകൂട്ടര്‍. ഒരു യുവാവായ മന്ത്രിയെ ബന്ധപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസുകാര്‍ ഉന്നയിച്ച ആക്ഷേപം കേട്ടിരുന്നില്ലേ. എന്തെല്ലാം……അങ്ങിനെയൊക്കെ. ഏതു അറ്റം വരെയും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ നീങ്ങാം എന്നാണു കോണ്‍ഗ്രസുകാര്‍ കാട്ടിത്തന്നത്. പക്ഷെ സോണിയ പരിവാറിനെക്കുറിച്ചാരും മിണ്ടിപ്പോകരുത് എന്നതാണ് കോണ്‍ഗ്രസുകാരുടെ ഉത്തരവ്.
സോണിയ പരിവാര്‍ ഇന്നിപ്പോള്‍ നാടെങ്ങും വിമര്‍ശിക്കപ്പെടുന്നുണ്ട്. കാരണം കോടതിയിലെത്തിയ കേസ് തന്നെയാണ്. ‘നാഷണല്‍ ഹെറാള്‍ദ് ‘ തട്ടിപ്പിനെക്കുറിച്ചാണ് സൂചിപ്പിച്ചത്. നാട്ടില്‍ ഇന്നിതുവരെ നാലുകാശുജോലിചെയ്തു സമ്പാദിച്ചിട്ടില്ലാത്ത മറ്റൊരു കുടുംബം ഇവിടെയുണ്ടോ?. ഇന്നവര്‍ക്ക് എത്രയോ നൂറുകണക്കിന് കോടികളുടെ ആസ്തികള്‍. അതൊക്കെ എവിടെനിന്നുവന്നു?. എങ്ങിനെയുണ്ടായി?. സോണിയയുടെ ഇറ്റലിയുടെ കുടുംബത്തിന്റെ വളര്‍ച്ചയും പരാമര്‍ശിക്കാതെ വയ്യല്ലോ. നമ്മുടെ നാട്ടിലെ ചിലര്‍ അതൊക്കെ പഠിച്ചിട്ടുണ്ട്. ഡോ സുബ്രമണ്യന്‍ സ്വാമിയാണ് അതില്‍ പ്രമുഖന്. അദ്ദേഹമെഴുതിയ ലേഖനങ്ങള്‍ ഇന്ത്യയില്‍ സര്‍വര്‍ക്കും ലഭ്യമാണ്. അദ്ദേഹം തന്നെ അതിന്റെ കഥകള്‍ പലവട്ടം പലയിടത്തും പരസ്യമായി പ്രസ്താവിച്ചു. വെറുമൊരു കല്പ്പണിക്കാരന്റെ മകളായ സോണിയ, ബ്രിട്ടനില്‍ ഒരു ബാറില്‍ ജോലിക്കാരിയായിരുന്ന സോണിയ, എങ്ങിനെ ഇതൊക്കെ സമ്പാദിച്ചു എന്നത് അറിയാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അവകാശമുണ്ടല്ലോ. അവര്‍ വെറുമൊരു സ്ത്രീയായിരുന്നുവെങ്കില്‍ പോട്ടെ എന്ന് പറയാമായിരുന്നു. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷകക്ഷിയുടെ നേതാവാണ് അവരിന്ന്. അതുകൊണ്ടുതന്നെ എല്ലാം അറിയാന്‍ ഇന്ത്യക്ക്, ഇന്ത്യന്‍ ജനതയ്ക്ക് അവകാശമുണ്ട്, അധികാരവുമുണ്ട്. അത്തരത്തിലെ ഡോ. സ്വാമിയുടെ പഠനങ്ങളെ കാണേണ്ടതുള്ളൂ. എന്നാല്‍ അതിനെതിരെ ഇന്നേവരെ സോണിയയോ അവരുടെ പരിവാറോ ഇന്നേവരെ കോടതിയില്‍ പോയില്ല. സോണിയ ഉണ്ടെന്നു പറയുന്ന ബിരുദം വ്യാജമാണ് എന്നുപോലും സ്വാമി ആരോപിച്ചത് അല്ലെങ്കില്‍ ചൂണ്ടിക്കാണിച്ചത് മറക്കാവതല്ല.
മറ്റൊന്ന്, കെജിബി കമ്മീഷന് അംഗമായിരുന്ന ഡോ. യെവ്ജെനിയ അല്ബാറ്റ്സ് എഴുതിയ ഗ്രന്ഥമാണ്. സോണിയക്ക് കെജിബി ബന്ധമുണ്ടായിരുന്നു എന്നതാണ് അതില്‍ ചൂണ്ടിക്കാണിച്ചത്. രാജിവിനും സോണിയക്കും കെജിബി പണം നല്‍കിയിരുന്നു എന്നുമതിലുണ്ട്. കേജിബിയുടെ പക്കലുള്ള ഫയലുകളുടെ നമ്പര്‍ സാഹിതമാണ് അവരതു സാക്ഷ്യപ്പെടുത്തിയത്. ഇതുസംബന്ധിച്ച ഒരു വാര്‍ത്ത ‘ഹിന്ദു’ പത്രം 1992ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം ഇന്ന് പൊതുസമൂഹത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പറഞ്ഞുവന്നത് ഒരുകാലത്തും ആശാസ്യമാണ് എന്നു തോന്നുന്നതായിരുന്നില്ല സോണിയയുടെ ട്രാക്ക് റെക്കോര്‍ഡ് എന്നാണ്. ഇതും ഇതുവരെ എതിര്‍ക്കപ്പെടെണ്ടതാണ് എന്ന് കോണ്‍ഗ്രസിനും സോണിയ പരിവാറിനും തോന്നിയിട്ടില്ല. ആരുമിതിനെതിരെ കോടതിയില്‍ പോയതായും കേട്ടിട്ടില്ല. സാധാരണ നിലക്ക് ഏതെങ്കിലുമൊരു പൊതുപ്രവര്ത്തകന് ഇത്തരമൊരു ആക്ഷേപം കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമോ?.
പറഞ്ഞുവന്നത് ഇത്തരമൊരു ആളെക്കൊണ്ടുവേണമായിരുന്നുവോ ശിവഗിരി പോലുള്ള പുണ്യസ്ഥലത്തെ മഹദ് ചടങ്ങ് ഉദ്ഘാടനം ചെയ്യിക്കേണ്ടത് എന്നതാണ്. പ്രകാശാനന്ദ സ്വാമിയെപ്പോലുള്ളവര്‍ അത് ചിന്തിക്കണം. പ്രായം കൂടുന്നത് അബദ്ധം പിണയാന്‍ കാരണമാവുന്നു എന്ന് തോന്നിപ്പിക്കരുത്. ഒരു ബാര്‍ മുതലാളിയെ കേന്ദ്രമന്ത്രിയാക്കാന്‍ അദ്ദേഹം ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടുത്തിടെ നാം കണ്ടതാണ്. ശ്രീ നാരായണ ഗുരുദേവന്റെ സമാധിയില്‍ കയറി നിരങ്ങാന്‍ വിവാദങ്ങളില്‍ കുടുങ്ങി കോടതി കയറുന്നവരെ അനുവദിക്കണോ എന്നതും അതിനു പിന്നാലെ ചിന്തിക്കേണ്ടതല്ലേ?. പണ്ട് മദനിയെയും കൂട്ടി അതെ സ്ഥലത്ത് കലാപത്തിനു ശ്രമിച്ചപ്പോള്‍ ആരാണ് സംരക്ഷിക്കാനുണ്ടായിരുന്നത് എന്നതും ശിവഗിരി സന്യാസിമാര്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്.
Discussion about this post