ലക്നൗ: വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ നടക്കാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര പ്രദർശനങ്ങളിലൊന്നായ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോയിൽ നിരവധി വ്യവസായങ്ങളും ബിസിനസ് മേഖലകളും ഒരു കുടക്കീഴിൽ പ്രദർശിപ്പിക്കും.
ബുധനാഴ്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് 2024 പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം, പ്രമുഖ ആഗോള കോർപ്പറേഷനുകളുടെ സിഇഒമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് ഗിഫ്റ്റ് സിറ്റിയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ ഗ്ലോബൽ ഫിൻടെക് ലീഡർഷിപ്പ് ഫോറത്തിലെ പ്രമുഖ വ്യവസായ പ്രമുഖരുമായി സംവദിക്കും.
ജനുവരി 10 മുതൽ 12 വരെയാണ് ഉച്ചകോടി നടക്കുക. ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ് ഈ വർഷത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ വിഷയം. 34 രാജ്യങ്ങളും 6 പങ്കാളി സംഘടനകളും ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയുടെ പത്താം പതിപ്പാണിത്.
ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ രാവിലെ 9.45നാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ലോകോത്തര അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ട്രേഡ് ഷോയിൽ കമ്പനികൾ പ്രദർശിപ്പിക്കും. ഇ-മൊബിലിറ്റി, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, ബ്ലൂ ഇക്കോണമി, ഗ്രീൻ എനർജി, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് ട്രേഡ് ഷോയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.
2003ൽ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെയാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. വടക്കുകിഴക്കൻ മേഖലയുടെ വികസന മന്ത്രാലയം ഈ സംസ്ഥാനങ്ങളിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഉച്ചകോടി വിനിയോഗിക്കും. അതേസമയം, ഉച്ചകോടിയിലും വ്യാപാര പ്രദർശനത്തിലും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലോൺ മസ്കിന്റെ ഗുജറാത്തിലെ ടെസ്ല പ്ലാന്റും ഉച്ചകോടിയിൽ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post