തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാവേലിക്കര ചെട്ടികുളങ്ങര കടവൂര്‍ മുറിയില്‍ കണ്ടന്തറയില് വിമല്‍രാജെന്ന യുവാവാണ് ഒരു മണിക്കൂറോളം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വട്ടം ചുറ്റിച്ചത്. സര്‍ക്കാരില്‍ നിന്ന് വായ്പ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
രാവിലെ എട്ടുമണിയോടെയാണ് ഇയാള്‍ അരയില്‍ കയറുകെട്ടി മരത്തിലേക്ക് കയറിയത്. ഡല്‍ഹിയിലും രാജസ്ഥാനിലുമായി പഞ്ചകര്‍മ്മ സെന്ററില്‍ ജോലി നോക്കിവന്ന തനിക്ക് സംസാരശേഷിയിലെ തടസത്തെ തുടര്‍ന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ചികിത്സയ്ക്ക് അഞ്ചു ലക്ഷത്തോളം രൂപ ചെലവായെന്നും ഇയാള്‍ മരക്കൊമ്പില്‍ ഇരുന്ന് പേപ്പറിലെഴുതി താഴേക്കിട്ടു.
അതോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ചികിത്സയ്ക്കും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പുലര്‍ത്താനും സര്‍ക്കാര്‍ സഹായം ആവശ്യമാണ്. ഇതിനായി സെക്രട്ടേറിയറ്റിലെത്തിയ തന്നെ അകത്തേക്ക് പ്രവേശിപ്പിക്കുകയോ മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും ഇയാള്‍ എഴുതി.
ഫയര്‍ഫോഴ്സെത്തി ഏണി ഉപയോഗിച്ച് ഇയാളെ താഴെ ഇറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴേക്കും മറ്റൊരു ചില്ലയിലൂടെ വിമല്‍ താഴേക്കിറങ്ങി. തുടര്‍ന്ന് ഇയാളെ സ്റ്റേഷനില്‍ എത്തിച്ചശേഷം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരക്കൊമ്പില്‍ കയറി ബഹളം വച്ചതിനെ തുടര്‍ന്ന് യാത്രക്കാരും സെക്രട്ടേറിയേറ്റിലെ സുരക്ഷാ ജീവനക്കാരും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
Discussion about this post