പറ്റ്ന: ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. രാവിലെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയോടെ ജെഡിയു-ബിജെപി സഖ്യസർക്കാർ ബിഹാറിൽ അധികാരമേൽക്കും.
രാവിലെ 10 മണിയ്ക്കാണ് നിതീഷ് കുമാർ ഗവർണറെ കാണാൻ സമയം ചോദിച്ചിട്ടുള്ളത്. നിലവിലെ രാഷ്ട്രീയ അവസ്ഥകൾ അദ്ദേഹം ഗവർണറോട് വിശദീകരിക്കും. ഇതിന് ശേഷം രാജിക്കത്ത് കൈമാറും. ഇതുവരെ എൻഡിഎയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് നിതീഷ് കുമാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഗവർണർക്ക് രാജിക്കത്ത് കൈമാറിയ ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം.
വൈകീട്ട് നാല് മണിയോടെയായിരിക്കും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ. നിതീഷ് കുമാർ തന്നെയാണ് പുതിയ സർക്കാരിലും മുഖ്യമന്ത്രി. രാജ്ഭവനിലെ ദർബാർ ഹാളിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരാകും ഉണ്ടാകുക. ബിജെപിയുടെ മുതിർന്ന നേതാവ് സുശീൽ കുമാർ മോദിയാണ് ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ.
നേരത്തെ ബിഹാർ ഭരിച്ചിരുന്നത് ജെഡിയു- ആർജെഡി സഖ്യമായിരുന്നു. അടുത്തിടെ പ്രതിപക്ഷപാർട്ടികളുടെ ഐക്യമുന്നണിയായ ഇൻഡിയിൽ ചേർന്നത് നിതീഷ് കുമാറിന് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ എൻഡിഎയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. മുഴുവൻ ജെഡിയു എംഎൽഎമാരുടെ പിന്തുണയും ഒപ്പമുണ്ടെന്ന് നിതീഷ് കുമാർ പറഞ്ഞിരുന്നു.
Discussion about this post