തൃശൂർ: സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തിൽ പ്രതികരണവുമായി അക്കാദമി അദ്ധ്യക്ഷനും കവിയുമായ കെ സച്ചിദാനന്ദൻ. ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാനുള്ള നടപടി സ്വീകരിച്ചതായി സച്ചിദാനന്ദൻ വ്യക്തമാക്കി. ബാലചന്ദ്രൻ ചുള്ളിക്കാടിന് ഉണ്ടായ വിഷമത്തിൽ ഖേദമുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്്നങ്ങളെല്ലാം പരിഹരിച്ചതായും അക്കാദമി അദ്ധ്യക്ഷൻ പറഞ്ഞു.
ക്ലറിക്കൽ രീതിയിൽ കൈകാര്യം ചെയ്തതിൽ ഉണ്ടായ പിഴവാണെന്നാണ് സച്ചിദാനന്ദന്റെ വിശദീകരണം. പരിമിതമായ ഫണ്ട് കൊണ്ട് നടത്തുന്ന ഉത്സവമാണ്. കിലോമീറ്റർ കണക്കാക്കിയാണ് അദ്ദേഹത്തിന് പണം നൽകിയത്. ക്ലറിക്കൽ രീതിയിൽ ഇത് കൈകാര്യം ചെയ്യുമെന്ന് അറിയില്ലായിരുന്നു. ഇത് സംബന്ധിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.
സാഹിത്യ അക്കാദമി പരിപാടിക്ക് പോയതിന് നിസാര തുക നൽകി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത് വന്നത്. ‘എന്റെ വില’ എന്ന് പറഞ്ഞ് അദ്ദേഹം ഇതിനെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. കേരള ജനത എനിക്ക് നൽകുന്ന വില എത്രയാണെന്ന് ഇപ്പോൾ മനസിലായി. കുമാരനാശാന്റെ കരുണാകാവ്യത്തെ കുറിച്ച് സംസാരിക്കാനാണ് അക്കാദദമി ക്ഷണിച്ചത്. രണ്ട് മണിക്കൂർ നേരം ആ വിഷയത്തെ കുറിച്ച് സംസാരിച്ചു. അതിന് എനിക്ക് ലഭിച്ച തുക 2400 രൂപയാണ്. ഈ തുക യാത്രാചിലവിന് പോലും തികയാത്തത് കൊണ്ട് ബാക്കി തുക സ്വന്തം കയ്യിൽ നിന്നാണ് നൽകിയതെന്നും ചുള്ളിക്കാട് പറഞ്ഞു. മിമിക്രിക്കും പാട്ടിനുമെല്ലാം പതിനായിരങ്ങൾ നൽകുന്ന കേരളത്തിൽ തനിക്കു കൽപ്പിച്ചിരിക്കുന്നത് 2400 രൂപ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
Discussion about this post