പാലക്കാട് : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനമാണെന്ന് കരുതി എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത് ആംബുലൻസിന് നേരെ. പാലക്കാട് കാഴ്ചപ്പറമ്പിൽ വച്ചാണ് സംഭവം ഉണ്ടായത്. ദേശീയപാത 544 ലൂടെ സൈറൺ മുഴക്കി കൊണ്ടുവന്ന വാഹനം ഗവർണറുടേതാണെന്ന് തെറ്റിദ്ധരിച്ച് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായി ഓടിയെത്തുകയായിരുന്നു.
ചൊവ്വാഴ്ച പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. എസ്എഫ്ഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് അരുൺദേവിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം നടന്നത്. പാലക്കാട് ഒരു സ്വകാര്യപരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴായിരുന്നു ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് ഗവർണർ നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. എസ്എഫ്ഐക്കാർ എന്തിനാണ് തന്റെ പുറകെ നടക്കുന്നത് എന്ന് അറിയില്ലെന്നും അതേക്കുറിച്ച് അവരോട് തന്നെ ചോദിക്കണം എന്നുമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. എസ്എഫ്ഐ പ്രവർത്തകരെ ചിലർ നിർദ്ദേശം നൽകി അയച്ചിരിക്കുകയാണെന്നും ഗവർണർ സൂചിപ്പിച്ചു.
Discussion about this post