എറണാകുളം: ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ് കെ.കെ രമ എംഎൽഎയും സർക്കാരും നൽകിയ അപ്പീലുകളിലാണ് ഇന്ന് വിധി പറയുക. കേസിലെ പ്രതികളുടെ ശിക്ഷ വിചാരണ കോടതി ഇളവ് ചെയ്യുകയും, 24 പ്രതികളുടെ ശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയ്ക്ക് അപ്പീൽ ലഭിച്ചത്.
പി.മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്താണ് കെ.കെ രമ കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികളുടെ ശിക്ഷ ഇളവു ചെയ്തതിനെതിരെയാണ് സർക്കാർ അപ്പീൽ. കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് രമയുടെ അപ്പീലിൽ പറയുന്നു. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് കോടതിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.
2012 മേയ് 4നായിരുന്നു ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. അക്രമി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിചാരണയ്ക്ക് ശേഷം 2014ൽ മുഖ്യപ്രതികളായ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേർ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിൽ കോടതി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.
Discussion about this post