കോഴിക്കോട്: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിപിഎം നേതാക്കൾ കോടതിയിൽ കീഴടങ്ങി. സിപിഎം കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് ജ്യോതി ബാബു, സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ കൃഷ്ണൻ എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതികൾ കോഴിക്കോട് വിചാരണ കോടതിയിൽ ആണ് കീഴടങ്ങിയത്.
കേസിലെ പത്താംപ്രതിയാണ് കൃഷ്ണൻ. ജ്യോതി ബാബു 12ാം പ്രതിയും. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ജ്യോതി ബാബു. അതിനാൽ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരെയും ജില്ലാ ജയിലിലേക്ക് മാറ്റും. ആവശ്യമെങ്കിൽ വൈദ്യസഹായം നൽകാൻ വിചാരണ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 26 ന് ഹൈക്കോടതിയാകും ഇവർക്കുള്ള ശിക്ഷ വിധിയ്ക്കുക. സിപിഎം ഒഞ്ചിയം, പാനൂർ ഏരിയ സെക്രട്ടറിമാർ പ്രതികൾക്കൊപ്പം കോഴിക്കോട്ടെ കോടതിയിലെത്തിയിരുന്നു.
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലും, ഗൂഢാലോചനയിലും ഇരുവരും പങ്കാളികളാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 11 പ്രതികൾ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.
Discussion about this post