കോഴിക്കോട്: മനപ്പൂർവ്വം പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തിയതും അവഗണിച്ചതുമാണ് സത്യനാഥനോടുള്ള വൈരാഗ്യത്തിന് കാരണം ആയതെന്ന് പ്രതി അഭിലാഷ്. പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. നിലവിൽ 14 ദിവസത്തേക്ക് അഭിലാഷിനെ റിമാൻഡ് ചെയ്തു.
കൊലപാതകത്തിന് പിന്നിൽ സത്യനാഥിനോടുള്ള പകയാണെന്ന് അഭിലാഷ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിനുണ്ടായ കാരണത്തെക്കുറിച്ച് പോലീസ് ആരാഞ്ഞപ്പോഴാണ് പാർട്ടിയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണെന്ന് വ്യക്തമായത്. പാർട്ടിയിൽ നിന്നും മനപ്പൂർവ്വം സത്യനാഥ് മാറ്റി നിർത്തി. അവഗണിച്ചു. ഇതിന് പുറമേ മറ്റ് പാർട്ടിക്കാർ മർദ്ദിച്ചപ്പോൾ സംരക്ഷിച്ചില്ല. ഇതെല്ലാം സത്യനാഥനോടുള്ള പകയ്ക്ക് കാരണം ആയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
പ്രാഥമിക ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം ഇന്നലെ രാത്രിയോടെയാണ് അഭിലാഷിനെ കോടതിയിൽ ഹാജരാക്കിയത്. കൊയിലാണ്ടി മജിസ്ട്രേറ്റിന് മുൻപിലായിരുന്നു ഹാജരാക്കിയത്. അഭിലാഷിനെ കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ഇന്ന് കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്. ഇതിന് വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
Discussion about this post