ന്യൂഡൽഹി: ഐ പി എൽ ലക്ഷ്യമിട്ടു കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ രഞ്ജി ട്രോഫിയിൽ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് ബി സി സി ഐ. ബുധനാഴ്ച പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) കേന്ദ്ര കരാറിൽ നിന്ന് അന്താരാഷ്ട്ര താരങ്ങളായ ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും ഒഴിവാക്കികൊണ്ടാണ് ബി സി സി ഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ക്രിക്കറ്റ് കണ്ട്രോൾ ബോർഡുമായി കരാറിലേർപ്പെട്ടിട്ടുള്ള എല്ലാ കളിക്കാരും രഞ്ജി ട്രോഫി മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് ഫെബ്രുവരിയിൽ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. അച്ചടക്കം പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ക്രിക്കറ്റിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനുമാണ് ഈ തീരുമാനമെന്ന് ബി സി സി ഐ വ്യക്തമാക്കിയിരുന്നു. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും രഞ്ജി കളിയ്ക്കാൻ തയ്യാറാകാത്തതിനാലാണ് ഈ രണ്ടു കളിക്കാരോടും കടുത്ത നടപടി ഇപ്പോൾ ബി സി സി ഐ സ്വീകരിച്ചിരിക്കുന്നത്.
ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ, അയ്യരെയും കിഷനെയും “വാർഷിക കരാറുകൾക്ക് പരിഗണിച്ചിട്ടില്ല” എന്ന് വ്യക്തമാക്കി.
നേരത്തെ, ഫെബ്രുവരി 23 ന് നടന്ന രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ അയ്യർ ഉണ്ടായിരുന്നില്ല
ദേശീയ ടീമിനായി കളിച്ചില്ലെങ്കിലും ഇഷാൻ കിഷനും അടുത്തിടെ രഞ്ജി ട്രോഫി മത്സരങ്ങൾ ഒഴിവാക്കിയിരുന്നു
Discussion about this post