ന്യൂഡൽഹി; റോഹിങ്ക്യൻ മുസ്ലീം കുടിയേറ്റവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള വികസ്വരം രാജ്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് സ്വന്തം പൗരന്മാർക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാർ. അനധികൃത കുടിയേറ്റവും റോഹിങ്ക്യൻ അഭയാർത്ഥികളും രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
അനധികൃത റോഹിങ്ക്യൻ മുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ താമസിക്കാനോ പൗരത്വത്തിനോ അവകാശമില്ലെന്ന് കേന്ദ്രസർക്കാർ. തടങ്കലിൽ കഴിയുന്ന റോഹിങ്ക്യകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയാലി സുർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ളതും, പരിമിതമായ വിഭവങ്ങളുള്ളതുമായ ഒരു വികസ്വര രാജ്യമാണ് ഇന്ത്യ. രാജ്യത്തിന് സ്വന്തം പൗരന്മാർക്ക് മുൻഗണന നൽകേണ്ടതുണ്ട്. അതിനാൽ, വിദേശികളെ അഭയാർഥികളായി അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.1951 ലെ അഭയാർത്ഥി കൺവെൻഷനിലും 1967 ലെ അഭയാർത്ഥികളുടെ അവസ്ഥയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവച്ചിട്ടില്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഏതെങ്കിലും വിഭാഗം ആളുകളെ അഭയാർത്ഥികളായി അംഗീകരിക്കണമോ ഇല്ലയോ എന്നത് നയപരമായ തീരുമാനമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
Discussion about this post