ന്യൂഡൽഹി: ലോകത്തിന് പ്രതീക്ഷയുടെ സന്ദേശം പകർന്ന് ഒരു ഈസ്റ്റർ കൂടി. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഈസ്റ്റർ ആഘോഷിക്കുകയാണ്. കേരളത്തിലെ വിവിധ ക്രൈസ്തവ ആരാധനാലയങ്ങളിൽ ഈസ്റ്ററുമായി ബന്ധപ്പെട്ട പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഈസ്റ്ററിന്റെ ഭാഗമായിട്ടുള്ള പ്രത്യേക പ്രാർത്ഥനകൾ നടന്നു. പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വീൽചെയറിൽ എത്തിയായിരുന്നു അദ്ദേഹം പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. വിശ്വാസികൾക്കായി ഈസ്റ്റർ ദിന സന്ദേശവും അദ്ദേഹം പങ്കുവച്ചു. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷവും തുടച്ച് നീക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവ ആരാധനാലയങ്ങളിൽ ഇന്നലെ വൈകുന്നേരം മുതൽ തന്നെ പ്രാർത്ഥനകളും ചടങ്ങുകളും ആരംഭിച്ചിരുന്നു. കോതമംഗലം രൂപതക്ക് കീഴിലെ ആരക്കുഴ സെൻറ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദൈവാലയത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഉയിർപ്പ് ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകി. കർദിനാൾ ക്ലിമിസ് ബാവയുടെ നേതൃത്വത്തിലായിരുന്നു പട്ടം സെന്റ് മേരിസ് പള്ളിയിൽ പ്രാർത്ഥനകൾ നടന്നത്.
Discussion about this post