തിരുവനന്തപുരം :അന്തരിച്ച സംഗീതജ്ഞൻ കെ ജി ജയന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം .മലയാളികൾക്കായി ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ സമ്മാനിച്ച സംഗീതജ്ഞനാണ് കെ ജി ജയൻ. മലയാള സംഗീത കുലപതികളിൽ ഒരാൾ കൂടി ഓർമയാകുന്നതോടെ വലിയ നഷ്ടമാണ് സിനിമഭക്തിഗാനമേഖലകളിൽ ഉണ്ടാകുന്നത്. നിരവധി പ്രമുഖകരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.
കെ എസ് ചിത്ര
മലയാളസംഗീത ശാഖ ഒരുകാലത്ത് ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളായിരുന്നു ജയവിജയൻമാർ. അതിൽ ജയൻ മാഷും നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുകയാണ്… എന്റെ പ്രിയപ്പെട്ട ജയൻമാഷിന് കണ്ണീരിൽ കുതിർന്ന പ്രണാമം.
ശരത്
കെ ജി ജയൻ സാറിന്റെ വേർപാട് വളരെ സങ്കടകരമായ വാർത്തയാണ് . ശബരിമലയിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. എനിക്ക് വളരെ പ്രിയപ്പെട്ട സംഗീതജ്ഞനാണ്, സുഹൃത്താണ്. ഭക്തിഗാനമേഖലയിൽ അദ്ദേഹത്തിന് അഗാധപാണ്ഡിത്യമുണ്ടായിരുന്നു. അദ്ദേഹത്തിന് തന്റെ ആദാരാഞ്ജലികൾ അർപ്പിക്കുന്നു.
കൈതപ്രം
ചെമ്പൈ ഗ്രാമത്തിൽ 13 വയസിൽ ഞാൻ കൂടെ മൃദംഗം വായിച്ച അനുഭവം മുതൽ രണ്ട് വർഷം മുൻപേ വായിച്ച കച്ചേരി വരെ.. അത്രയുമേറെ എന്നെ ഇഷ്ടപ്പെട്ട കലാകാരൻ.. എന്റെ മൃദംഗ ധ്വനിയെ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവ വേദിയിൽ വച്ചുപോലും പുകഴ്ത്തിയ സംഗീതജ്ഞൻ.. എത്രയെത്ര കച്ചേരികൾ.. മരണമില്ലാത്ത സ്മരണകൾ ..ചെമ്പൈ ശിഷ്യനും സംഗീതജ്ഞനും സംഗീത സംവിധായകനുമായ പത്മശ്രീ കെ.ജി ജയന് ആദരാഞ്ജലികൾ .
കുഴൽമന്നം ജി രാമകൃഷ്ണൻ
ആയിരക്കണക്കിന് ഭക്തി ഗാനങ്ങൾക്കും സിനിമാ ഗാനങ്ങൾക്കും ഈണം നൽകിയ മുതിർന്ന സംഗീതജ്ഞൻ കെ.ജി ജയന് പ്രണാമം. മലയാളികളുടെ ഹൃദയങ്ങളിലേക്ക് മറക്കാനാവത്ത അനുഭൂതികൾ പകർന്നു നൽകിയ സംഗീതജ്ഞൻ .വയലിൻ വായനയിലും കർണ്ണാടക സംഗീതത്തിലും തന്റേതായ പ്രാഗത്ഭ്യം തെളിയിച്ചതുകൊണ്ടാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ശ്രേഷ്ഠ കലാകാരന് പ്രണാമം.
രമേശ് ചെന്നിത്തല
നക്ഷത്രദീപങ്ങൾ പൊലിഞ്ഞു. മലയാളത്തിന്റെ പാരമ്പര്യമറിഞ്ഞുകൊണ്ട് എത്രയെത്ര പാട്ടുകൾ… ഭക്തിയുടെ സ്നേഹത്തിന്റെ കാരുണ്യത്തിന്റെ നിറകുടം……പ്രിയപ്പെട്ട സംഗീതജ്ഞൻ ശ്രീ കെ ജി ജയൻ അന്തരിച്ചു.
Discussion about this post