ചെന്നൈ : അവസാനഘട്ട പ്രചാരണത്തിന് ശേഷം രണ്ടു ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേക്ക് എത്തുന്നതിൽ കോൺഗ്രസിന് അമർഷം. മോദിയുടെ നീക്കത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മോദിയുടെ ധ്യാനം പരോക്ഷ പ്രചാരണമാണെന്നും അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകരുതെന്നുമാണ് തമിഴ്നാട് കോൺഗ്രസ് ആവശ്യപ്പെടുന്നത്
കോൺഗ്രസിന്റെ തമിഴ്നാട് ഘടകം മേധാവി കെ സെൽവപെരുന്തഗൈ ആണ് ഈ ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുള്ളത്. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയും അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. “പ്രധാനമന്ത്രി മോദിക്ക് വിവേകാനന്ദ മെമ്മോറിയൽ ഹാളിൽ ഇരുന്നു ധ്യാനിക്കാൻ നിയമപരമായ അവകാശമില്ലെന്ന് ഇവിടെ ചൂണ്ടിക്കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് മാതൃക പെരുമാറ്റത്തിന്റെ ലംഘനവും പരോക്ഷമായ പ്രചാരണവും ആണ് ” എന്നായിരുന്നു തമിഴ്നാട് കോൺഗ്രസ് മേധാവി സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി സമാനമായ രീതിയിൽ പ്രചാരണത്തിന് ശേഷം രണ്ടുദിവസത്തോളം നടക്കുന്ന ധ്യാനം നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് തവണയും ഉത്തരാഖണ്ഡിൽ ആയിരുന്നു പ്രധാനമന്ത്രി ധ്യാനം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ കന്യാകുമാരിയിൽ സ്വാമി വിവേകാനന്ദൻ ധ്യാനിക്കാനായി ഇരുന്നിരുന്ന വിവേകാനന്ദപ്പാറയിൽ ധ്യാനം നടത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിരിക്കുന്നത്. മെയ് 30ന് പരസ്യപ്രചാരണം അവസാനിച്ച ശേഷം മോദി വിവേകാനന്ദ മെമ്മോറിയലിലേക്ക് എത്തുന്നതാണ്. 45 മണിക്കൂർ സമയത്തെ ധ്യാനമാണ് പ്രധാനമന്ത്രി കന്യാകുമാരിയിൽ നടത്തുക എന്നാണ് സൂചന.
Discussion about this post