ന്യൂഡൽഹി: ബിജെപി എം പി ഭർതൃഹരി മഹ്താബിനെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമ്മു. പതിനെട്ടാം ലോക്സഭയിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രോ ടേം സ്പീക്കറുടെ സാന്നിദ്ധ്യത്തിലാണ്. സ്പീക്കർ തിരഞ്ഞെടുപ്പ് വരെ സഭാനടപടികൾ നിയന്ത്രിക്കുന്നതും ഇദ്ദേഹമായിരിക്കും.
കൊടിക്കുന്നിൽ സുരേഷ്, ടി ആർ ബാലു, രാധാമോഹൻ സിംഗ്, ഫഗൻ സിംഗ് കുലസ്തേ, സുദീപ് ബന്ദോപാദ്ധ്യായ എന്നിവർക്ക് സത്യപ്രതിജ്ഞ ചടങ്ങിൽ പ്രോ ടേം സ്പീക്കറെ സഹായിക്കാനുള്ള ചുമതലയും നൽകിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. നേരത്തേ, കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷ് പ്രോ ടേം സ്പീക്കറാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ഒഡിഷ മുൻ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ് കട്ടക്കിൽ നിന്നുമുള്ള എം പിയായ ഭർതൃഹരി മഹ്താബ്. ഒഡിഷയിൽ മൃഗീയ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഭർതൃഹരിയുടെ നിയമനം എന്നത് ശ്രദ്ധേയമാണ്.
അതേസമയം, ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 26നാണ് നടക്കുക. ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം.
Discussion about this post