ന്യൂഡൽഹി : 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഷെഫ് ഡി മിഷൻ ആവുക ഷൂട്ടിംഗ് താരം ഗഗൻ നരംഗ്. ബോക്സിങ് താരം മേരി കോമിന് പകരമായാണ് ഗഗൻ നരംഗ് ഷെഫ് ഡി മിഷൻ ആവുന്നത്. നാല് തവണ ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഗഗൻ 2012ൽ പുരുഷന്മാരുടെ പത്ത് മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ ജേതാവും ആണ്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ ആണ് ഷെഫ് ഡി മിഷൻ ആയി ഗഗൻ നരംഗിനെ തിരഞ്ഞെടുത്തതായി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ജൂലൈ 26നാണ് 2024ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആരംഭമാകുന്നത്. ഉദ്ഘാടന ചടങ്ങിൽ ടേബിൾ ടെന്നീസ് താരം ശരത് കമലും ബാഡ്മിന്റൺ താരം പി വി സിന്ധുവും ആയിരിക്കും ഇന്ത്യയുടെ പതാക വാഹകരാവുക എന്നും പിടി ഉഷ അറിയിച്ചു.
ശാരീരിക പ്രശ്നങ്ങളും കുടുംബത്തെ വിട്ടു മാറി നിൽക്കുന്നതിലുള്ള ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി ഷെഫ് ഡി മിഷൻ സ്ഥാനത്ത് നിന്നും കഴിഞ്ഞ ഏപ്രിലിൽ ആണ് മേരി കോം രാജി വെച്ചിരുന്നത്. ഇതേതുടർന്നാണ് ഇപ്പോൾ ഷൂട്ടിംഗ് താരം ഗഗൻ നരംഗ് ഷെഫ് ഡി മിഷൻ സ്ഥാനത്തേക്ക് എത്തുന്നത്. ഒളിമ്പിക്സ് പോലെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ദേശീയ ടീമുകളുടെ നേതൃത്വ സ്ഥാനമാണ് ഷെഫ് ഡി മിഷൻ.
Discussion about this post