ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വീണ്ടും ഹർജി. അണക്കെട്ട് സുരക്ഷിതമാണെന്നുള്ള വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതി മുൻപാകെ പുതിയ ഹർജി എത്തിയിരിക്കുന്നത്. 2006,2014 എന്നീ വർഷങ്ങളിൽ അണക്കെട്ടുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധികളും റദ്ദാക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് കോടതിയെ സമീപിച്ചത്. വയനാട് ദുരന്തത്തിലെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഹർജി. ഇക്കാര്യം പരിഗണിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അണക്കെട്ടിൽ തമിഴ്നാടിന് മാത്രമല്ല കേരളത്തിനും അവകാശം ഉണ്ട്. നിയമപരമായി പരിശോധിക്കുമ്പോൾ മുൻകാല വിധികൾ തെറ്റാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ഇത് അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക ഉയർത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടി ആയിരുന്നു ഹർജി നൽകിയത്.
ഇതിനിടെ കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മധുര റീജിയണൽ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
Discussion about this post