കൽപ്പറ്റ: ഉരുളെടുത്ത വയനാട്ടിലെ ദുരന്തമുഖത്ത് മാദ്ധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ. ജനികീയ തിരച്ചിൽ പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് സന്ദർശനത്തിന് എത്തിയതായിരുന്നു മന്ത്രി. മുണ്ടക്കെ മുസ്ലീം പള്ളിയ്ക്ക് എതിർവശത്തെ താമസക്കാരനായിരുന്ന നാസറിന്റെ മകനെ ചേർത്ത് പിടിച്ചായിരുന്നു മന്ത്രി വിങ്ങിപ്പൊട്ടിയത്. 17 പേരാണ് നാസറിന്റെ കുടുംബത്തിൽ നിന്ന് ഉരുളെടുത്തത്. നാസറിനെയും നാസറിന്റെ പിതാവിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. അർബുദ ബാധിതനായിരുന്നു നാസർ. നാസറിന്റെ ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കോഴിക്കോട് ബന്ധുവീട്ടിലായിരുന്ന മകൻ സംഭവത്തിന് ശേഷം ആദ്യമായി ഇന്നാണ് ദുരന്തഭൂമിയിലേക്ക് എത്തിയത്.
ഇവരോട് ഞാൻ എന്ത് ഉത്തരമാണ് പറയുക? അവരുടെ ചോദ്യത്തിന് ഉത്തരമില്ല. അവരെ രക്ഷിക്കാൻ ശ്രമിക്കുക അത്രയേ ഉള്ളൂ. ഞാൻ ഇപ്പോൾ അവരെ പറ്റി ആലോചിക്കുകയാണ്. നമുക്കൊക്കെ ഇത്ര പ്രയാസം ഉണ്ടെങ്കിൽ അവരുടെ പ്രയാസം എന്തായിരിക്കുമെന്നാണ്. അവർക്കു വേണ്ടി പ്രാർത്ഥിക്കുക, അവർക്ക് വേണ്ടി പ്രവർത്തിക്കുക. അവരെ രക്ഷിക്കാൻ, സഹായിക്കാൻ..എല്ലാ കാര്യങ്ങളും ചെയ്യുക. അവരെ നമുക്ക് രക്ഷപ്പെടുത്തണം. ആത്മവിശ്വാസത്തിലേക്ക് തിരികെ കൊണ്ട് വരണം. സാധാരണജീവിതം നടത്താനുള്ള സാഹചര്യത്തിലേക്ക് അവരെ എത്തിക്കുക. ആ കാര്യത്തിൽ പ്രതിബന്ധതയോട് കൂടി,സർക്കാർ പ്രവർത്തിക്കുമെന്ന ഉറപ്പുമാത്രമ ഈ ഘട്ടത്തിൽ ഞാൻ നിങ്ങൾക്ക് നൽകുന്നുള്ളൂയെന്ന് മന്ത്രി പറഞ്ഞു.
ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇവരോട് ഞാൻ എന്തുത്തരം പറയും? ദുരന്തത്തിന്റെ വ്യാപ്തി അനുഭവിച്ചു. ഈ അനുഭവം എല്ലാവർക്കും ഉണ്ടാവും. മനുഷ്യന്റെ പ്രവർത്തനങ്ങൾക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആർക്കാണ് പറയാൻ കഴിയുക. എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. നമ്മുടെ വാക്കും പ്രവർത്തനങ്ങളും അവർക്ക് ആത്മവിശ്വാസം നൽകുന്നതായിരിക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണം. ആ പ്രതിജ്ഞയാണ് ഇത്തരം ഘട്ടങ്ങളിൽ എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
Discussion about this post