തൃശ്ശൂർ : നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. ധനകാര്യ സ്ഥാപനത്തിലൂടെ നിക്ഷേപ തട്ടിപ്പ് നടത്തിയതിനാണ് മുൻ തൃശൂർ കോർപ്പറേഷൻ കൗൺസിലർ കൂടിയായ സി എസ് ശ്രീനിവാസൻ അറസ്റ്റിലായിട്ടുള്ളത്.
കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ ആണ് സി എസ് ശ്രീനിവാസനെ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. കെപിസിസി സെക്രട്ടറി ആയിരുന്ന ശ്രീനിവാസനെതിരെ ഇത്തരത്തിൽ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളും കേസും ഉണ്ടായത് കോൺഗ്രസിന് വലിയ നാണക്കേട് ഉണ്ടാക്കി എന്നാണ് പാർട്ടി തരത്തിലുള്ള വിലയിരുത്തൽ.
ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു ശ്രീനിവാസൻ. അഞ്ചുവർഷത്തെ കാലാവധിക്ക് ശേഷം ഇരട്ടി തുക നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു ഈ സ്ഥാപനം നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. 17 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഹീവാൻസ് ഫിനാൻസ് നടത്തിയിട്ടുള്ളത് എന്നാണ് പരാതി ഉയർന്നിട്ടുള്ളത്.
ഇതുവരെ 18 കേസുകളാണ് സി എസ് ശ്രീനിവാസന്റെ ധനകാര്യ സ്ഥാപനത്തിനെതിരെ ഉയർന്നിട്ടുള്ളത്. അന്വേഷണം നടത്തുന്ന തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് സംഘം കാലടിയിൽ നിന്നുമാണ് ശ്രീനിവാസനെ അറസ്റ്റ് ചെയ്തിരുന്നത്.
സി എസ് ശ്രീനിവാസന്റെ അറസ്റ്റ് പൊതുസമൂഹത്തിൽ കോൺഗ്രസിന് വലിയ അവമതിപ്പ് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് അച്ചടക്കനടപടി സ്വീകരിച്ചതെന്നാണ് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ വ്യക്തമാക്കിയത്.
Discussion about this post