തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് വീണ്ടും സംഘഗാനം. മുഖ്യമന്ത്രിയെ ചെമ്പടയുടെ കാവലാൾ എന്നും ചെങ്കനൽ എന്നും വിശേഷിപ്പിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ട് പുറത്തിറക്കിയ മെഗാ തിരുവാതിര ഗാനം വലിയ വിവാദം ആയിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് പിണറായി സ്തുതി നിറയുന്ന പുതിയ ഗാനം പുറത്തുവന്നിരിക്കുന്നത്.
ധനവകുപ്പിലെ ജീവനക്കാരൻ ആയ പൂവത്തൂർ ചിത്രസേനൻ ആണ് പാട്ട് എഴുതിയത്. കാവലാൾ എന്ന തലക്കെട്ടാണ് പാട്ടിന് നൽകിയിരിക്കുന്നത്. പാടവും പറമ്പും കേരമൊക്കെയും നിറയും പടക്കളം എന്നാണ് കേരളത്തെ പാട്ടിൽ വിശേഷിപ്പിക്കുന്നത്. ഇതിന് ശേഷമുള്ള വരികളിൽ കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചും വിശേഷിപ്പിക്കുന്നുണ്ട്. ഇതിന് ശേഷമാണ് പിണറായി വിജയന്റെ വിശേഷണങ്ങളിലേക്ക് കടക്കുന്നത്. ചാരത്തിൽ നിന്നും പറന്നുയരുന്ന ഫീനിക്‌സ് പക്ഷിയാണ് പിണറായി വിജയൻ എന്നാണ് പാട്ടിലെ വിശേഷണം.
സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരയിൽ ആയിരുന്നു പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള ഗാനം ഉണ്ടായിരുന്നത്. ഇത് വലിയ ചർച്ചയായിരുന്നു. പാട്ടിലെ വരികളും കാരണഭൂതൻ എന്ന വാക്കും ട്രോളുകളായി മാറുകയും ചെയ്തിരുന്നു.
Discussion about this post