തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ നിർത്താലാക്കാൻ നീക്കം. ചെക്ക് പോസ്റ്റുകൾ വഴി വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലൻസിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ ഗതാഗത വകുപ്പിന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ജിഎസ്ടി നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം ഉണ്ടായിരുന്നു. കേരളത്തിൽ ജി.എസ്.ടിവകുപ്പാണ് ചെക്ക് പോസ്റ്റുകൾ നിർത്തലാക്കിയത്. കാസർകോട് പെർള മുതൽ തിരുവനന്തപുരം അമരവിള വരെ കേരളത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ 20 ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ 20 ചെക് പോസ്റ്റുകളും ഇപ്പോഴും തുടരുകയാണ്. ഓൺലൈൻ വഴി ടാക്‌സ് പെർമിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവർമാർ രേഖകൾ പ്രിൻറ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ പരിശോധിക്കണമെന്ന് 2021 ജൂൺ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്നാണ് ചെക്ക് പോസ്റ്റുകൾ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടർന്നത്. ഇത് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്നാണ് പരാതികൾ.
മുമ്പ് ടാക്‌സ് ഒടുക്കുന്നതും, പെർമിറ്റ് നൽകുന്നതടക്കമുള്ള കാര്യങ്ങളാണ് ചെക്ക് പോസ്റ്റിൽ നടന്നിരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോർ വാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലി പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ചെക്പോസ്റ്റുകൾ നിർത്തലാക്കാൻ ആലോചന നടക്കുന്നത്. നിർദേശ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പിന് ഉടൻ കൈമാറും. പിന്നീട് ഗതാഗത വകുപ്പ് സർക്കാരിലേക്ക് നിർദേശം അയക്കും. സർക്കാരാണ് ഇതിൽ അന്തിമ തീരുമാനം എടുക്കുക.
Discussion about this post