തിരുവനന്തപുരം : കേരളത്തിൽ ഇപ്പോൾ കുറച്ച് ദിവസങ്ങളായി പറഞ്ഞ് കേൾക്കുന്ന പേരാണ് ഗോപൻ സ്വാമി എന്നത്. നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഗോപൻ സ്വാമിയെന്ന പേര് വളരെ പ്രശസ്തമായത് . ഇതിന് പിന്നാലെ അയൽവാസിയുടെ പരാതിയിൽ കല്ലറ പൊളിച്ച് പരിശോധിക്കാൻ പോലീസുകാരെത്തുകയും ചെയ്തിരുന്നു. അങ്ങനെ വൻ നാടകീയമുഹൂർത്തങ്ങളാണ് അരങ്ങേറുന്നത്. ഇതോടെ ഗോപൻ സ്വാമി ഗൂഗിൾ സെർച്ചിലടക്കം ട്രെന്റിംഗായി മാറി.
ഈ ഗോപൻ സ്വാമി ആരാണ് .. ? നെയ്ത്തു ജോലിയും ചുമട്ട് തൊഴിലുമെല്ലാം ചെയ്തിരുന്ന ആളാണ് ഗോപൻ സ്വാമി എന്നറിയപ്പെടുന്ന മണിയൻ . ആദ്യം ഇവർ താമസിച്ചിരുന്നത് അതിയന്നൂർ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു.
ഇവിടെ നിന്നു പിന്നീട് ആറാലുംമൂട്ടിലേക്കു കുടുംബത്തോടൊപ്പം താമസംമാറുകയായിരുന്നു. ഇവിടെ ബിഎംഎസ്, എ.ഐ.ടി.യു.സി യൂണിയനുകളിൽ ചുമട്ട് തൊഴിലാളിയായി ജോലി നോക്കിയിരുന്നു. പിന്നീടാണ് ഇദ്ദേഹം ആത്മീയതയുടെ പാതയിലേക്ക് കടക്കുന്നത്. അങ്ങനെ ഗോപൻ സ്വാമി എന്ന പേര് സ്വീകരിച്ചു . ശേഷം കൈലാസനാഥൻ മഹാദേവർ ക്ഷേത്രം നിർമിച്ച് പൂജ നടത്തി തുടങ്ങുകയും ചെയ്തു. ഇവിടെ പൂജകൾ ചെയ്തു പോന്നിരുന്നു. അർത്ഥരാത്രിയിൽ ആഭിചാരകർമ്മങ്ങടക്കം ഇവിടെ നടക്കുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
രക്താധിസമ്മർദവും പ്രമേഹവും കാരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയരുന്നു ഗോപൻസ്വാമി. ഏതാനും മാസങ്ങളായി പുറത്തിറങ്ങാനാവാതെ കിടപ്പിലുമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഗോപൻ സ്വാമി മരിക്കുന്നത്. അച്ഛൻ നടന്നാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചിരുന്നെന്നും പൂജാരിയായ മകൻ രാജശേഖരൻ പറഞ്ഞു. സമാധിയിരിക്കാനായി അഞ്ചുവർഷം മുൻപാണ് ഗോപൻസ്വാമി പദ്മപീഠം നിർമിച്ചതെന്നാണ് പറയപ്പെടുന്നത്.
അതേസമയം വീട്ടുകാരും അടുത്ത ബന്ധുക്കളും പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകുന്നത്. അതിനാൽ പോലീസിന് ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ കല്ലറ പൊളിച്ച് പരിശോധിക്കണമെന്ന നിലപാടിൽ തന്നെയാണ് പോലീസ് .
Discussion about this post