ന്യൂഡൽഹി : കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) വിപുലീകരണത്തിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിഐഎസ്എഫിൻ്റെ രണ്ട് പുതിയ ബറ്റാലിയനുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. 1,025 സൈനികർ വീതം ഉൾപ്പെടുന്ന രണ്ട് ബറ്റാലിയനുകളാണ് പുതുതായി രൂപീകരിക്കുന്നത്.
ഇതോടെ സിഐഎസ്എഫിൽ 2,050 പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടും. പുതിയ രണ്ട് ബെറ്റാലിയനുകൾ കൂടി സൃഷ്ടിക്കപ്പെടുന്നതോടെ സിഐഎസ്എഫിലെ മൊത്തം ബറ്റാലിയനുകളുടെ എണ്ണം 13ൽ നിന്ന് 15 ആയി ഉയരും. സിഐഎസ്എഫിൻ്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ ബറ്റാലിയനുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
65-ലധികം സിവിൽ എയർപോർട്ടുകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 359 സ്ഥാപനങ്ങൾക്ക് സിഐഎസ്എഫ് ആണ് സുരക്ഷ ഒരുക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട സർക്കാർ കെട്ടിടങ്ങൾ മുതൽ തുറമുഖങ്ങളും പവർ പ്ലാന്റുകളും പാർലമെന്റ് ഹൗസ് കോംപ്ലക്സും ജമ്മുകശ്മീരിലെ സെൻട്രൽ ജയിലും ആണവ, ബഹിരാകാശ കേന്ദ്രങ്ങളും ഉൾപ്പെടുന്നുണ്ട്. പുതിയ രണ്ട് ബറ്റാലിയനുകളിലായി രണ്ടായിരത്തിലധികം ജീവനക്കാർ കൂടി വരുന്നതോടെ സിഐഎസ്എഫിലെ മൊത്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം രണ്ടു ലക്ഷത്തോളം ആയിത്തീരും. 1969 ൽ മൂന്ന് ബറ്റാലിയനുകൾ മാത്രമായി ആരംഭിച്ച സേനയാണ് ഇപ്പോൾ 15 ബറ്റാലിയനുകളിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.
Discussion about this post