എഐ സാങ്കേതികവിദ്യയിലൂടെയും ഡീപ് ഫേക്ക് വീഡിയോകളിലൂടെയും ആളുകളെ കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്യുന്ന ധാരാളം വാർത്തകൾ അടുത്തിടെയായി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധ നേടുന്ന ഒരു വാർത്ത ഇതുവരെയുള്ള എല്ലാ തട്ടിപ്പുകളെയും കവച്ചു വയ്ക്കുന്ന ഒന്നാണ്. എഐ സാങ്കേതികവിദ്യയിലൂടെ ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ് ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കുറ്റവാളി തട്ടിയെടുത്തത് 7 കോടിയോളം രൂപയാണ്.
ഫ്രാൻസിൽ നിന്നും ഉള്ള 53 വയസ്സുകാരിയാണ് ഈ എഐ തട്ടിപ്പിന് ഇരയായത്. ഇന്റർനെറ്റിലൂടെ യുവതിയുമായി പ്രണയം നടിച്ച് അടുത്തുകൂടിയ ശേഷമാണ് ഈ സൈബർ കുറ്റവാളി കുറ്റകൃത്യം നടത്തിയത്. ബ്രാഡ് പിറ്റ് ആയുള്ള ചിത്രങ്ങളും എ ഐ ജനറേറ്റഡ് വീഡിയോകളും അയച്ചു നൽകിയാണ് ഇയാൾ ഫ്രഞ്ചുകാരിയായ സ്ത്രീയെ കബളിപ്പിച്ചത്.
നടി ആഞ്ചലീന ജോളിയുമായുള്ള വിവാഹമോചന കേസ് മൂലം തന്റെ ബാങ്ക് അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ചിരിക്കുകയാണ് എന്നാണ് വ്യാജ ബ്രാഡ് പിറ്റ് കബളിപ്പിക്കപ്പെട്ട സ്ത്രീയോട് പറഞ്ഞിരുന്നത്. ഇപ്പോൾ താൻ കിഡ്നി രോഗം മൂലം ചികിത്സയിൽ ആണെന്നും ചികിത്സ ആവശ്യങ്ങൾക്ക് പോലും പണം ഇല്ലെന്നും പറഞ്ഞ് വിവിധ സമയങ്ങളിലായി ഇയാൾ 8,00,000 യൂറോ ആണ് സ്ത്രീയിൽ നിന്നും വാങ്ങിയിരുന്നത്. ഇതിനായി ഇയാൾ നിരന്തരമായി സ്ത്രീയുമായി ഓൺലൈനിൽ വീഡിയോ കോൾ ചെയ്യുകയും പ്രണയപൂർവ്വം പെരുമാറുകയും ഫോട്ടോകളും പ്രണയ കവിതകളും അയച്ചു നൽകുകയും ചെയ്തിരുന്നു.
ഫ്രാൻസിലുള്ള ഒരു കോടീശ്വരന്റെ ഭാര്യയായ ആനി ആണ് കബളിപ്പിക്കപ്പെട്ടത്. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഇവർ വിവാഹമോചനത്തിന് ഒരുങ്ങുന്ന സമയത്തായിരുന്നു വ്യാജ ബ്രാഡ് പിറ്റ് ഈ സ്ത്രീയുമായി അടുപ്പത്തിലായത്. വിവാഹം കഴിക്കാം എന്നുള്ള വാഗ്ദാനം പോലും ഇയാൾ നൽകിയിരുന്നു. എന്നാൽ അടുത്തിടെ യഥാര്‍ത്ഥ ബ്രാഡ് പിറ്റും ജ്വല്ലറി ഡിസൈനർ ഇനെസ് ഡി റാമോണുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകൾ പുറത്ത് വന്നത്തോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് 53കാരിക്ക് മനസ്സിലായത്. ഇതോടെയാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്.
Discussion about this post