മഹാകുംഭത്തിൻ്റെ അമൃത് സ്നാൻ ദിവസമായ മകരസംക്രാന്തി ദിനത്തിൽ അവിശ്വസനീയമായ ഭക്തജന തിരക്കാണ് പ്രയാഗ് രാജിൽ അനുഭവപ്പെട്ടത്. മൂന്നര കോടിയിലേറെ ജനങ്ങളാണ് ഇന്ന് ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തിയത്. നാഗ സന്യാസിമാരും ഇന്നാണ് സംഗമ സ്നാനം നടത്തിയത്. വിശുദ്ധ സംഗമത്തിൽ വിശുദ്ധ സ്നാനമേറ്റ എല്ലാ ബഹുമാന്യരായ സന്യാസിമാർക്കും കൽപ്പവാസികൾക്കും ഭക്തർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
പൗഷ് പൂർണിമ ദിനമായ തിങ്കളാഴ്ച ആയിരുന്നു മഹാ കുംഭത്തിന് ആരംഭമായിരുന്നത്. എന്നാൽ മകരസംക്രാന്തി ദിനമായ ഇന്നാണ് നാഗസന്യാസിമാരും അഖോരികളും ഉൾപ്പെടെയുള്ള വിവിധ സന്യാസി സമൂഹങ്ങൾ വിശുദ്ധ സ്നാനത്തിൽ പങ്കെടുത്തത്. കാശിയിലെ ക്ഷേത്രങ്ങളിലും വലിയ തിരക്കാണ് നിലവിൽ അനുഭവപ്പെടുന്നത്.
കാശി ബാബ വിശ്വനാഥ് ധാമിലും കാലഭൈരവ ക്ഷേത്രത്തിലും മഹാകുംഭമേള ആരംഭിച്ചതിൽ പിന്നെ ദർശനത്തിനായി കനത്ത തിരക്ക് അനുഭവപ്പെടുന്നുണ്ട്. വിശാലാക്ഷി, മംഗളഗൗരി, ഗൗരി കേദാരേശ്വർ തുടങ്ങിയ ക്ഷേത്രങ്ങളിലും ദർശനത്തിന് വലിയ തിരക്കാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. മഹാകുംഭത്തിൻ്റെ 45 ദിവസങ്ങളിൽ ദിവസവും 15 ലക്ഷത്തിലധികം ഭക്തർ കാശി വിശ്വനാഥ ക്ഷേത്രത്തിലടക്കം ദർശനം നടത്തും. ജനുവരി 14-ന് മകരസംക്രാന്തി ദിനത്തിൽ അമൃത് സ്നാൻ, ജനുവരി 29-ന് മൗനി അമാവാസി, ഫെബ്രുവരി 3-ന് ബസന്ത് പഞ്ചമി എന്നിവ ആചരിക്കപ്പെടുന്നതിനാൽ ഈ ദിവസങ്ങളിൽ സംഗമ സ്നാനത്തിന് വലിയ ഭക്തജന തിരക്ക് ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ഭക്തർക്കും സുഗമമായ സ്നാനത്തിനും ക്ഷേത്രദർശനത്തിനുമായുള്ള ക്രമീകരണങ്ങൾ ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയിട്ടുണ്ട്.
Discussion about this post