വാഷിംഗ്ടൺ : ചൈനയ്ക്കും കാനഡയ്ക്കും മെക്സിക്കോയ്ക്കും തീരുവ ചുമത്തും എന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ചയാണ് വൈറ്റ് ഹൗസിൽ നിന്നും ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മെക്സിക്കോയ്ക്ക് 25%, കാനഡയ്ക്ക് 25%, ചൈനയ്ക്ക് 10% എന്നിങ്ങനെ തീരുവ ചുമത്തുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്.
ഭാവിയിൽ യൂറോപ്യൻ യൂണിയനിൽ താരിഫ് ചുമത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കിയ നിയമവിരുദ്ധമായ ഫെൻ്റനൈൽ നമ്മുടെ രാജ്യത്തേക്ക് വിതരണം ചെയ്യാൻ അനുവദിച്ചതിന് മറുപടിയായാണ് കാനഡയുടെയും മെക്സിക്കോയുടെയും തീരുവ ഏർപ്പെടുത്തൽ എന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് 60% വരെ തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ അധികാരമേറ്റെടുത്തതിന് പിന്നാലെ ഈ വിഷയത്തിൽ കൂടുതൽ പഠനം നടത്താൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. യുഎസിന്റെ മുൻനിര വ്യാപാര പങ്കാളികൾ ആണ് ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ.
വിദേശത്ത് ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി നികുതിയാണ് തീരുവ. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതിയിൽ നികുതി ചുമത്തിയാൽ ജീവിതച്ചെലവ് കുറയ്ക്കുമെന്ന ട്രംപിൻ്റെ വാഗ്ദാനത്തിന് അത് തിരിച്ചടിയാകുന്നതായിരിക്കും. യുഎസ് ഓയിൽ റിഫൈനറികളിലൂടെയുള്ള ക്രൂഡിൻ്റെ 40% ഇറക്കുമതി ചെയ്യുന്നതാണ്. അതിൽ ഭൂരിഭാഗവും കാനഡയിൽ നിന്നാണ് എന്നുള്ളതും യുഎസിന് വെല്ലുവിളിയാകുന്നതാണ്.
Discussion about this post