എറണാകുളം : തൃപ്പൂണിത്തുറയിൽ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടങ്ങി വിദ്യാഭ്യാസ വകുപ്പ്. മിഹിറിന്റെ മരണത്തിൽ സഹപാഠികൾക്കെതിരെ റാഗിംഗ് പരാതി ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം.
വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ പരിശോധന നടത്തി. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആണ് ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. രണ്ടു ദിവസത്തിനകം വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കും. കേസില്‍ വിശദ മൊഴി നല്കാന് കുട്ടിയുടെ മാതാവ് നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.
Discussion about this post