തിരുവനന്തപുരം : കിഫ്ബി പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ മാത്രമാണ് ടോൾ ഈടാക്കുക. ഇതുസംബന്ധിച്ച നിയമ നിർമ്മാണത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു.
വായ്പ എടുക്കുന്നതിലെ പ്രതിസന്ധി മറികടക്കാനാണ് സർക്കാറിന്റെ നീക്കം . കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതൊടെ സർക്കാരിന് തിരിച്ചടിയായത്. തുടർന്നാണ് ടോൾ പിരിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
ഇപ്പോൾ ദേശീയ ഹൈവേ അതോറിറ്റി ടോൾ പിരിക്കുന്ന മാതൃകയിലാണ് കിഫ് ബിയും ടോൾ പിരിക്കാനൊരുങ്ങുന്നത്. തദ്ദേശവാസികളെ ടോളിൽ നിന്ന് ഒഴിവാക്കും. ടോൾ പിരിക്കാനായി നിയമനിർമ്മാണത്തിന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇക്കാര്യം അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട് .
ഇനി ടോളില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിഫ്ബി അധികൃതർ പറഞ്ഞു. ഇന്ധന സെസും മോട്ടർ വാഹന നികുതിയുടെ പകുതിയുമാണ് ഇപ്പോൾ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്. ആദ്യം ടോളിനെ എതിർത്ത സിപിഎം നിലപാട് മാറ്റിയതിനാൽ നയപ്രശ്നമില്ലെന്ന വിലയിരുത്തലിലാണ് നീക്കം.
Discussion about this post