പ്രയാഗ്രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ പ്രയാഗ്രാജിലെത്തിയ പ്രധാനമന്ത്രി ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പം പ്രത്യേക ബോട്ടിലാണ് അദ്ദേഹം ത്രിവേണി സംഗമത്തിലെത്തിയത്.
കാവി ജാക്കറ്റും ട്രാക്ക് സ്യൂട്ടും ധരിച്ചുകൊണ്ട് രുദ്രാക്ഷ മാലയുമായി മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടാണ് മോദി പുണ്യസ്നാനം ചെയ്തത്. ഇതിന് പിന്നാലെ ആരതിയും നടത്തി. ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് അഖാരകളിൽ നിന്നുള്ള സന്യാസിമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
രാവിലെ 10.45 ഓടെയാണ് പ്രധാനമന്ത്രി പ്രയാഗ്രാജ് വിമാനത്താവളത്തിലെത്തിയത്. ഹിന്ദുസംസ്കാരപ്രകാരം, മാഘാഷ്ടമിയും ഭീഷ്മാഷ്ടമിയും ഒത്തു ചേർന്ന ദിനമാണ് പ്രധാനമന്ത്രി പുണ്യസ്നാനത്തിനായി തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാരിലെ വിവിധ മന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. കേന്ദ്രമന്ത്രി കിരൺ റിജ്ജുവും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി.
2019ലെ കുംഭമേളയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. അന്ന് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്ത അദ്ദേഹം, ആദരസൂചകമായി ശുചീകരണ തൊഴിലാളികളുടെ പാദങ്ങൾ കഴുകുകയും ചെയ്തിരുന്നു.
Discussion about this post