ഇങ്ങനെ ഒരുപോത്ത്… കൂട്ടത്തിലുള്ളവരെ കളിയാക്കാനായി നാം പലപ്പോഴും ഉപയോഗിക്കുന്ന ഒരുവാക്കാണല്ലേ ഇത്. മണ്ടത്തരത്തെ ഉപമിക്കാനായി പോത്തിനെയും എരുമയെയും കൂട്ടുപിടിക്കുന്ന ബുദ്ധിമാനായ മനുഷ്യക്കൂട്ടം. എന്നാൽ ഹിന്ദുവിശ്വാസപ്രകാരം പോത്ത്, നിസാരക്കാരനല്ല. മരണദേവനായ സാക്ഷാൽ യമരാജന്റെ വാഹനമാണ് പോത്ത്. അന്ത്യമടുക്കുമ്പോൾ കൊമ്പൻ മീശപിരിച്ച് കയ്യിൽ മരണക്കയറുമായി എത്തുന്ന കാലൻ എഴുന്നള്ളുന്നത് ഭീമൻപോത്തിന്റെ മുകളിൽകയറിയാണ്.
ഇങ്ങനെ പോത്തിന്റെ മുകളിൽ കയറി സഞ്ചരിക്കുന്ന വേറെയും ചില ആളുകളുണ്ട് ഈ ലോകത്ത്. ഏതെങ്കിലും ഗോത്രവിഭാഗമാണെന്ന് തെറ്റിദ്ധരിക്കണ്ട. പോത്തിനെ വാഹനമാക്കിയവർ ചില്ലറക്കാരല്ല. അവരെ കുറിച്ചറിയും മുൻപ് എവിടെയാണ് ഈ കാഴ്ചകാണാൻ സാധിക്കുക എന്നറിയേണ്ടേ..ബ്രസീലിലെ മരാജോ ദ്വീപിലാണ് ഈ വിചിത്രമായ കാഴ്ച കാണാൻ സാധിക്കുക. ആമസോൺ നദിയുടെ അഴിമുഖത്തുള്ള വിശ്വവിഖ്യതമായ ദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ ഇതിന് ഏകദേശം സ്വിറ്റ്സർലണ്ടിനേക്കാളും വലിപ്പമുണ്ടെന്നറിയുക. ധാരാളം ചതുപ്പുകളും കുളങ്ങളും നിറഞ്ഞ ഈ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ പോത്തിന്റെയും എരുമകളുടെയും എണ്ണമാണ്. 2,25,000 മാത്രമാണ് ഈ ദ്വീപിലെ ജനസംഖ്യയെങ്കിൽ അതിനേക്കാൾ ഇരട്ടി,ഏകദേശം നാലരലക്ഷത്തോളമാണ് ഇവിടുത്തെ ബഫല്ലോകളുടെ എണ്ണം. കണ്ണ് തള്ളിയോ ? എന്നാൽ ബാക്കികൂടി കേൾക്കാൻ തയ്യാറായിക്കോളൂ.
മരാജോദ്വീപിന്റെ എല്ലാമെല്ലാം ഇവിടുത്തെ ബഫെല്ലോകളാണ്. എവിടെ തിരിഞ്ഞാലും പോത്ത് മയമെന്ന് പറയാം. ഐസ്ക്രീം,എരുമപാൽ,എരുമചീസ്.എരുമമാസം,തോൽ, അങ്ങനെ അങ്ങനെ ലിസ്റ്റ് വല്ലാതെ നീളുന്നു. അത് മാത്രമല്ല. ബോബ് മാർലിയുടെ പ്രശസ്തമായ ബഫല്ലോ സോൾജിയേഴ്സ് എന്ന ഗാനത്തെ അനുസ്മരിപ്പിക്കും വിധം, ഇവിടുത്തെ ഘടാഘടിയൻമാരായ പോലീസ് സംഘം പട്രോളിംഗിന് ഇറങ്ങുന്നത് ഭീമൻ എരുമകളുടെ പുറത്തേറിയാണ്. കുതിരപ്പുറത്തും ആനപ്പുറത്തും എന്തിന് കഴുതപ്പുറത്തും സഞ്ചരിച്ച പടയാളികളെ കുറിച്ച് നാം ചരിത്രപുസ്തകങ്ങളിൽ വായിച്ചറിഞ്ഞു കാണും എന്നാൽ പോത്തിനെ വാഹനമാക്കിയവർ ആദ്യമായിരിക്കും അല്ലേ…
വളഞ്ഞ് മലയാളഅക്ഷരത്തിലെ ധ പോലെ ആകൃതിയിലുള്ള കൊമ്പുകളുള്ള കൂറ്റൻ എരുമകളുടെ പുറത്തേറിയുള്ള പോലീസ് പട്രോളിംഗിന് ഒരു എരുമചന്തം തന്നെയാണ്. മരോജ ദ്വീപിന്റെ തലസ്ഥാനമായ സൗരയിലെ പോലീസ് ഉദ്യോഗസ്ഥർ കുറേ പതിറ്റാണ്ടുകളായി പട്രോളിംഗിന് സ്ഥിരമായി ഉപയോഗിക്കുന്നത് ഈ പോത്തുകളെയാണ്. മറ്റ് വാഹനങ്ങളിലൂടെയുള്ള സഞ്ചാരം സാധ്യമല്ലാത്ത വിദൂരഗ്രാമങ്ങളിലേക്കാണ് പോലീസ് സംഘം എരുമപുറത്തേറി പട്രോളിംഗിന് ഇറങ്ങുന്നത്. മഴക്കാലത്ത് ചെളിനിറഞ്ഞ കണ്ടൽക്കാടുകളിലും വെള്ളപ്പൊക്കമുണ്ടായ ഭൂപ്രദേശങ്ങളിലും സഞ്ചരിക്കാൻ എരുമകൾക്ക് പ്രത്യേക കഴിവാണ്. കുതിരകളും കഴുതകളും മടിച്ചിനിൽക്കുന്നയിടത്ത് എരുമകൾ കൂളായി നടന്നുപോകും. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും പൊതുവേ കാടിന്റെ വന്യതയത്രയും ജീനുകളിൽ പേറുന്ന എരുമകളെ മെരുക്കുന്നത് ശ്രമകരമായ ജോലിയാണ്. അസാമാന്യ തന്റേടവും ധൈര്യവും വൈദഗ്ധ്യവും ഉള്ളവർക്ക് മാത്രമേ എരുമപുറത്തേറിയുള്ള സഞ്ചാരം സാധ്യമാകുകയുള്ളൂ. അതുകൊണ്ട് തന്നെ ധൈര്യത്തിന്റെയും സാഹസികതയുടെയും അടയാളമായി. എല്ലാവർഷവും സെപ്റ്റംബർ ഏഴിന് പോർച്ചുഗലിൽ നിന്ന് ബ്രസീൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ സ്മരണയ്ക്കായി എരുമകളെ ഉപയോഗിച്ച് പരേഡുകൾ നടത്തുന്നു. എരുമകളെ ഉപയോഗിക്കുന്ന ലോകത്തിലെ ഏക പോലീസ് സേനയാണിത്.
ഡൊമസ്റ്റിക് വാട്ടർ ബഫല്ലെ എന്നയിനം ബഫല്ലോകളാണ് ഇവിടുത്തെ താരങ്ങൾ. പണ്ട് മരുന്നിന് പോലും ബഫല്ലോകൾ ഇല്ലാതിരുന്ന മരോജോ ദ്വീപിന്റെ എല്ലാമെല്ലാമായി എങ്ങനെ ഇവ മാറി? അതിന് പിന്നിൽ അത്രരസകരമല്ലാത്ത ഒരു കഥയുണ്ട്. കഥ നടക്കുന്നത് 1890 കളിലാണ് ഏഷ്യൻ ജല എരുമകൾ അഥവാ ഡൊമസ്റ്റിക് വാട്ടർ ബഫല്ലോകളുമായി സഞ്ചരിക്കുകയായിരുന്നു ഒരു കപ്പൽ. ഫ്രഞ്ച് ഇന്തോ-ചൈനയിലെ നെൽപ്പാടങ്ങളിൽ നിന്ന് ഫ്രഞ്ച് ഗയാനയിലേക്കായിരുന്നു ആ കപ്പലിൻ്റെ യാത്ര. എന്നാൽ മരോജോ ദ്വീപിനടുത്തുവച്ച് കപ്പൽ തകരുകയും ബഫല്ലോകൾ കടലിൽ അകപ്പെടുകയും ചെയ്തു. നീന്തൽ വിദഗ്ധരായ ഇവർ കരയ്ക്ക് കയറി. അധികം വൈകാതെ തന്നെ അവ പെറ്റുപെരുകി. ചതുപ്പുനിലമുള്ള കണ്ടൽ വനങ്ങളും നിരവധി നദികളും ഉൾക്കൊള്ളുന്ന ഭൂപ്രദേശം എരുമകളുടെ പ്രിയപ്പെട്ട ഇടമായി മാറി. അധികം വൈകാതെ ദ്വീപ് നിവാസികളുടെ ദൈനംദിന ജീവിതത്തിൽ ഇവ ഏറെ സ്വാധീനം ചെലുത്തി. പതുക്കെ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഇവയെ ഉപയോഗിച്ച് തുടങ്ങി. പോത്തുകൾക്ക് ‘കിഴക്കിൻറെ ജീവനുള്ള ട്രാക്ടർ’ എന്ന വിളിപ്പേരും സ്വന്തമായി. ദ്വീപിലെ ചതുപ്പ് നിറഞ്ഞ വിദൂര പ്രദേശങ്ങളിലേക്ക് പോകാൻ ഏറ്റവും ലളിതമായ മാർഗ്ഗം പോത്തുകളാണെന്ന് പോലീസും തിരിച്ചറിഞ്ഞു, പിന്നാലെ ബ്രസീൽ എട്ടാം ബറ്റാലിയൻറെ ഭാഗമായി പോത്തുകളും മാറി. 1990 കളിലാണ് ആദ്യ ബഫല്ലോ യൂണിറ്റ് പോലീസ് ആരംഭിക്കുന്നത്. 23,000 ത്തോളം ആളുകൾ താമസിക്കുന്ന ചെറിയ പട്ടണമായ സൗരെയിലെ പട്രോളിംഗിനായിട്ടായിരുന്നു അത്. അധികം വൈകാതെ ദ്വീപിന്റെ മറ്റുഭാഗങ്ങളിലേക്കും എരുമപുറത്തേറിയുള്ള സഞ്ചാരം സാധാരണമായി മാറി. ഇന്ന് ഇന്ന് ദ്വീപിൻറെ സമ്പത്ത് വ്യവസ്ഥയിൽ ബഫല്ലോകൾക്ക് വലിയൊരു സ്ഥാനം തന്നെയാണ് ഉള്ളത്.
Discussion about this post