ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മ്മയാണ് ഉപമുഖ്യമന്ത്രി. ഡല്‍ഹി സ്പീക്കറായി വിജേന്ദ്ര ഗുപ്തയെയും തീരുമാനിച്ചിട്ടുണ്ട്.
നാളെയാണ് (ഫെബ്രുവരി 20) മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. രാവിലെ 11 മണിക്ക് രാംലീല മൈതാനത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സിനിമാതാരങ്ങള്‍, എന്‍ഡിഎ നേതാക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവരും നാളത്തെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ഡല്‍ഹിയിലെ ചേരി നിവാസികളും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തലസ്ഥാനത്ത് ബിജെപി ഭരണത്തിലേറുന്നത്. സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചത്.
ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നും 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത തെരഞ്ഞെടുപ്പില്‍ തന്റെ സീറ്റുറപ്പിച്ചത്. നിലവില്‍ മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖ ഗുപ്ത.
ഇന്ന് വൈകിട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. യോഗത്തിന് മുന്നോടിയായി ബിജെപിയുടെ കേന്ദ്ര നിരീക്ഷകര്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തില്‍ മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ പ്രഖ്യാപിച്ചത്.
Discussion about this post