രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ഡൽഹിയിൽ താമരക്കാലം വന്നെത്തിയിരിക്കുകയാണ്. ആംആദ്മിയ്ക്കെതിരായ ഭരണവിരുദ്ധ വികാരം അലയടിച്ചപ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ ജനങ്ങൾ ഡബിൾ എഞ്ചിൻ സർക്കാരിനെ തിരഞ്ഞെടുക്കുകയായിരുന്നു. ആപ്പിന്റെ നെടുംതൂണുകളായ അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും അടക്കം തൂത്തെറിഞ്ഞാണ് ജനം ഡൽഹിയെ താമര ചൂടിച്ചത് .വിജയത്തിന് പിന്നാലെ ഇനി ഡൽഹിക്ക് സുസ്ഥിര വികസന ഭരണത്തിൻറെ കാലമായിരിക്കുമെന്നും അത് ഉറപ്പു നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇന്ദ്രപ്രസ്ഥത്തിന്റെ സിംഹാനത്തിലേക്ക് സ്ത്രീരത്നം രേഖഗുപ്തയെത്തുമ്പോൾ ഒപ്പം നിന്ന് നയിക്കാൻ ഉപമുഖ്യമന്ത്രിപദത്തിലേക്ക് എത്തുന്നത് ജയന്റ് കില്ലർ പർവേശ് വർമ്മയാണ്. പത്ത് വർഷക്കാലം ഡൽഹി ഭരിച്ച അരവിന്ദ് കെജ്രിവാളിന്റെ ഉറക്കംകെടുത്തി,എട്ടുനിലയിൽ തോൽപ്പിച്ച് വീട്ടിലിരുത്തിയാണ് പർവേഷ് സാഹിബ് സിംഗ് വർമ്മ അധികാരത്തിലേറുന്നത്. ആരാണ് ബിജെപി ഉയർത്തിക്കൊണ്ടുവരുന്ന ഈ സിംഹക്കുട്ടി എന്ന ചോദ്യം എത്തിനിൽക്കുക ബിജെപിയിൽ തന്നെയാണ്. മുതിർന്ന ബിജെപി നേതാവും മുൻ ഡൽഹിമുഖ്യമന്ത്രിയും വാജ്പേയി സർക്കാരിൽ തൊഴിൽ മന്ത്രിയുമായിരുന്ന സാഹിബ് സിംഗ് വർമ്മയുടെ മകനാണ് 47കാരനായ പർവേശ്. അദ്ദേഹത്തിന്റെ അമ്മാവൻ ആസാദ് സിംഗ് ആകട്ടെ നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറായി സേവനമനുഷ്ടിച്ചയാളും. ശരിക്കും പറഞ്ഞാൽ ഡൽഹിയ അത്രമേൽ അടുത്തറിയുന്ന യുവാവ്.
1977 നവംബർ 7 നാണ് പർവേശ് ശർമ്മയുടെ ജനനം. ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം.ഡൽഹി സർവകലാശാലക്ക് കീഴിലുള്ള കിരോഡിമൽ കോളേജിൽ നിന്ന് ബിരുദം. തുടർന്ന് ഫോർ സ്കൂളിൽ നിന്നും എംബിഎ ബിരുദം.രാഷ്ട്രീയത്തിൽ വിജയ റെക്കോഡുകൾ ഒരുപാടുണ്ട് പർവേശ് സാഹിബ് സിംഗിന് 2013ൽ മെഹ്റൗളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. അന്നത്തെ ഡൽഹി നിയമസഭാ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രിയെയാണ് പർവേശ് വർമ്മ അന്ന് പരാജയപ്പെടുത്തിയത്. തുടർന്ന് 2014 ൽ വെസ്റ്റ് ഡൽഹി പാർലമെന്ററി സീറ്റിലും വിജയം നേടി. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 5.78 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ അദ്ദേഹം വീണ്ടും വിജയിച്ചു. എംപിയായിരുന്ന കാലത്ത്, പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും അലവൻസും സംബന്ധിച്ച സംയുക്ത സമിതിയിൽ അംഗമായും നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പൗരത്വനിയമത്തിനെതിരായ സമരത്തിൽ ആരംഭിച്ച് ഡൽഹികലാപത്തിൽ വരെ എത്തിച്ച സംഭവങ്ങൾക്ക് പിന്നാലെ പോപ്പുലർഫ്രണ്ട് ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഒരാളായിരുന്നു പർവേശ് വർമ്മ. ഡൽഹി കലാപസമയത്ത് ജിഹാദികൾക്കെതിരെ ശബ്ദമുയർത്തിയതിൽ പ്രധാനിയായിരുന്നു പർവേശ് വർമ്മയും കപിൽ മിശ്രയും. ജാട്ട് നേതാവായ പർവേശിന്റെ ഇടപെടലുകൾ ജിഹാദികളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. പ്രതിരോധം തീർത്ത പർവേശിന് തിരിച്ചടിനൽകണമെന്നായിരുന്നു ഹിറ്റ് സ്ക്വാഡ് കമാൻഡർമാരുടെ യോഗത്തിൽ ഉയർന്നുവന്ന ആവശ്യം. ഈ യോഗത്തിൽ സിദ്ധിഖ് കാപ്പനും ഉൾപ്പെടിരുന്നുവെന്നാണ് എൻഐഎ കേസ്.
2025 ലെ ഡൽഹി തിരഞ്ഞെടുപ്പിന് മുമ്പ് ‘കെജ്രിവാളിനെ നീക്കം ചെയ്യുക, രാഷ്ട്രത്തെ രക്ഷിക്കുക’ എന്ന പേരിൽ പർവേശ് വർമ്മ നടത്തിയ പ്രചാരണം ജനങ്ങൾ ഇരുകയ്യും നീട്ടി ഏറ്റെടുത്തു. മലിനീകരണവുമായ് ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്കകൾ കൈകാര്യം ചെയ്യുന്ന രീതി, സ്ത്രീകൾക്കുള്ള സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ പല വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ പർവേശനായി. ഇത് അദ്ദേഹത്തിന്റെ വിജയത്തിൽ മുതൽകൂട്ടുമായി. ഉപമുഖ്യമന്ത്രിയായി പർവേശ് വർമ്മ പുതിയ സ്ഥാനമേറ്റെടുക്കുമ്പോൾ ബിജെപിയുടെ ഈ യുവതുറുപ്പചീട്ട് പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് തീർച്ച
Discussion about this post