ദുബായ്: നിയമവിരുദ്ധ മസാജ് സെന്ററുകളുടെ വിസിറ്റിങ് കാര്‍ഡുകള്‍ അച്ചടിച്ചതുമായി ബന്ധപ്പെട്ട് നാല് പ്രിന്റിങ് പ്രസുകള്‍ അടച്ചുപൂട്ടി ദുബായ് പോലിസ്. പൊതുജന സുരക്ഷയെ ബാധിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ നടപടിയുടെ ഭാഗമായാണ് ഇതെന്ന് ദുബായ് പോലിസ് അറിയിച്ചു.
ഈ പ്രിന്റിങ് പ്രസ്സുകളുമായി ബന്ധപ്പെട്ട വ്യക്തികള്‍ നിയമപരമായ നടപടി നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. സെന്ററുകളുടെ മറവില്‍ മോഷണവും പിടിച്ചുപറിയും ബ്ലാക്ക് മെയിലിങ്ങും ഉള്‍പ്പെടെയുള്ള വലിയ തട്ടിപ്പുകളുണ്ട് ഈ സാഹചര്യത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് ദുബായ് പോലിസ്.
ഇത്തരം പ്രമോഷണല്‍ കാര്‍ഡുകളില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടരുതെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലിസ് താമസക്കാരോട് അഭ്യര്‍ഥിച്ചു. അനധികൃത മസാജ് സെന്റുകള്ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുന്നതിന് മാത്രമായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
മസാജ് സര്‍വീസ് കാര്‍ഡുകളുടെ വിതരണം ഉള്‍പ്പെടെയുള്ള സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ക്ക് അക്കാര്യം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ദുബായ് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ടോള്‍ ഫ്രീ നമ്പര്‍ 901 ല്‍ വിളിച്ചോ ദുബായ് പോലീസ് ആപ്പിലെ ‘പോലീസ് ഐ’ ഫീച്ചര്‍ ഉപയോഗിച്ചോ റിപ്പോര്‍ട്ട് ചെയ്യാം.
Discussion about this post