ന്യൂഡൽഹി : ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു. ഇരു രാജ്യങ്ങളിലെയും പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ചർച്ചകൾ നിർത്തിവച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് വീണ്ടും സ്വതന്ത്ര വ്യാപാര ചർച്ചകൾ നടക്കുന്നത്. ചർച്ചകൾക്ക് വേണ്ടി രണ്ടുദിവസത്തെ സന്ദർശനത്തിനായി യുകെയുടെ ബിസിനസ് ആൻഡ് ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് തിങ്കളാഴ്ച ഡൽഹിയിൽ എത്തി. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ജോനാഥൻ റെയ്നോൾഡ്സ് കൂടിക്കാഴ്ച നടത്തി.
2024 ജൂലൈയിൽ തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടനിലെ ലേബർ പാർട്ടി സർക്കാരിനു കീഴിൽ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ വലിയ പുരോഗമനം ഉള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരസ്പര വളർച്ച ഉറപ്പാക്കുന്നതും രണ്ട് പരസ്പര പൂരക സമ്പദ്വ്യവസ്ഥകളുടെയും ശക്തികളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്നതുമായ സന്തുലിതവും, പരസ്പരം പ്രയോജനകരവും, ഭാവിയെക്കുറിച്ചുള്ളതുമായ ഒരു കരാറിലേക്കുള്ള ചർച്ചകൾ എന്നാണ് കേന്ദ്ര വ്യാപാരം മന്ത്രാലയം യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളെക്കുറിച്ച് വിശേഷിപ്പിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങളിലുടനീളമുള്ള ബിസിനസിനും ഉപഭോക്താക്കൾക്കും അവസരങ്ങൾ തുറക്കുന്നതിന് വലിയ രീതിയിൽ സഹായകരമാകുമെന്ന് യോഗത്തിന് മുമ്പ് റെയ്നോൾഡ്സ് പറഞ്ഞു.
ഊർജ്ജസ്വലമായ വിപണി ആയ ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാർ ഉറപ്പിക്കുന്നത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ മുൻഗണനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയുമായി ഉടൻ തന്നെ ഒരു വ്യാപാര കരാർ ഉണ്ടാക്കുക ഏറ്റവും പ്രാധാന്യമേറിയ കാര്യമാണെന്നും ജോനാഥൻ റെയ്നോൾഡ്സ് അഭിപ്രായപ്പെട്ടു. 2022 മുതൽ ഇരു രാജ്യങ്ങളും ഒരു ഡസനിലധികം റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഒരു കരാറിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലേബർ പാർട്ടി യുകെയിൽ അധികാരത്തിൽ വന്നതിനുശേഷം ആദ്യമായാണ് ചർച്ചകൾ നടക്കുന്നത്. 2030 സാമ്പത്തിക വർഷത്തോടെ കയറ്റുമതി ഒരു ട്രില്യൺ ഡോളർ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന നരേന്ദ്ര മോദി സർക്കാരിന് യുകെ ഉയർന്ന മുൻഗണനയുള്ള ഒരു വ്യാപാര പങ്കാളി കൂടിയാണ്.
Discussion about this post