ന്യൂഡൽഹി: വി.പി സുഹറയ്ക്കൊപ്പം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജിജുവിനെ കണ്ട് തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഡൽഹിയിലെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. മുസ്ലീം വ്യക്തിനിയമം പരിഷ്കരിക്കണം എന്ന് റിജ്ജിജുവിനോട് സുഹറ നേരിട്ട് ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. ഈ വിവരം സോഷ്യൽ മീഡിയ വഴി സുരേഷ് ഗോപി തന്നെയാണ് അറിയിച്ചത്. മുസ്ലീം പിന്തുടർച്ചാ നിയമത്തിൽ സ്ത്രീകൾക്കും തുല്യപ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലിന്റെ കരട് രേഖ സുഹറ റിജ്ജിജുവിന് നൽകി. ഇത് സ്വീകരിച്ച കേന്ദ്രമന്ത്രി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സുഹറയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജ്ജിജുവും, എൻഐഎസ സ്ഥാപക സി.പി സുഹറയുമായും ദീർഘമേറിയ സംഭാഷണം നടത്താൻ സാധിച്ചതായി സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലീം പിന്തുടർച്ച നിയമങ്ങളിൽ സ്ത്രീകൾക്ക് തുല്യ അവകാശവും നീതിയും ഉറപ്പാക്കുന്നതിനുള്ള ഭേദഗതികൾ വ്യക്തമാക്കുന്ന കരട് ബിൽ സുഹറ അദ്ദേഹം മുൻപാകെ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രാലയവുമായും നിയമ ഉന്നത വിദഗ്ധരുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും ചേർന്ന് വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് റിജ്ജിജു ഉറപ്പ് നൽകി. എല്ലാവരുടെയും സമത്വത്തിനും നീതിക്കും വേണ്ടി ഞാൻ ഉറച്ചു നിൽക്കുന്നു. നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്ന ശ്രമങ്ങളെ ഞാൻ തുടർന്നും പിന്തുണയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
മുസ്ലീം വ്യക്തിനിയമം പരിഷ്കരിച്ച് മുസ്ലീം സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പാക്കണം എന്ന ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡൽഹിയിൽ സുഹറ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി എത്തി സുഹറയോട് നിരാഹാര സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സുരേഷ് ഗോപിയുടെ ഉറപ്പുകിട്ടിയതിന് പിന്നാലെ സുഹറ സമരം അവസാനിപ്പിച്ചു. ഇതിന് പിന്നാലെയാണ് കിരൺ റിജ്ജിജുവുമായുള്ള കൂടിക്കാഴ്ച.
Discussion about this post