ബീജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ ചൈനക്ക് കടുത്ത അതൃപ്തി. തര്‍ക്ക പ്രദേശത്ത് ഇന്ത്യന്‍ നേതാക്കളുടെ സന്ദര്‍ശനം അനുവദിക്കാനാവില്ലെന്നാണ് ചൈനയുടെ നിലപാട്.
അരുണാചലിനെ ഒരിക്കലും അംഗീകരിക്കില്ലെന്നാണ് ചൈനയുടെ നേരത്തെയുള്ള നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രാലയം അത് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. അതിര്‍ത്തി തര്‍ക്കത്തെ സങ്കീര്‍ണ്ണമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്നും ഉഭയകക്ഷിബന്ധം നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിംഗ് വെളളിയാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചൈന ഒരിക്കലും അരുണാചല്‍ പ്രദേശിനെ അംഗീകരിച്ചിട്ടില്ല. തര്‍ക്ക പ്രദേശത്ത് ഇന്ത്യന്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നതിനെ ചൈന എതിര്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം അരുണാചല്‍ സന്ദര്‍ശിച്ച മോഡി ഒരു റെയില്‍വെ ലൈനിന്റെയും പവര്‍ സ്റ്റേഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. തുടര്‍ന്ന് അരുണാചല്‍ പ്രദേശിന് മോദി സുസ്ഥിര വികസനവാഗ്ദാനവും നല്കി. . കഴിഞ്ഞ 28 വര്‍ഷം കണ്ടതിനെക്കാള്‍ കൂടുതല്‍ വികസനം അടുത്ത അഞ്ചു വര്ഷങ്ങളിലുണ്ടാവുമെന്നും ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. റെയില്‍വെ വികസനവും ജലവൈദ്യുത പദ്ധതികളും സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും മോഡി ചൂണ്ടിക്കാട്ടിയിരുന്നു. മോദിയുടെ സംസ്ഥാന സന്ദര്‍ശനസമയത്ത് ചൈന ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിലപാട് കടുപ്പിച്ച് കൊണ്ട് പ്രസ്താവന ഇറക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അരുണാചല്‍ സന്ദര്‍ശനവും ചൈന വിവാദമാക്കിയിരുന്നു.
Discussion about this post