മാര്‍സെയില്‍: യൂറോകപ്പില്‍ അല്‍ബേനിയയെ ആതിഥേയരായ ഫ്രാന്‍സ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അന്റോണിയോ ഗ്രിസ്മാന്റെയും ദിമത്രി പയെറ്റിന്റെയും ഗോളിലാണ് ഫ്രാന്‍സ് വിജയിച്ചത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഫ്രാന്‍സിന്റെ രണ്ടു ഗോളുകളും. 90 -ാം മിനിറ്റിലും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലുമായിരുന്നു ഗോള്‍.
സ്കോര്‍ സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. പേരുകേട്ട ഫ്രഞ്ചുപടയെ ലോക റാങ്കിംഗില്‍ 42 -ാം സ്ഥാനം മാത്രമുള്ള അല്‍ബീനിയ വിറപ്പിച്ച ശേഷമാണ് വീണത്. അവസാന നിമിഷംവരെ പൊരുതിനിന്ന അല്‍ബേനിയന്‍ പ്രതിരോധ മതിലിനെ ആദ്യം പൊളിച്ചത് ഗ്രിസ്മാനായിരുന്നു. 90 -ാം മിനിറ്റില്‍ ദിമിത്രി പായെറ്റിന്റെ വലതുവശത്തുനിന്നുള്ള ക്രോസിന് ഉയര്‍ന്ന് ചാടി തലവച്ചാണ് ഗ്രിസ്മാന് ഗോളിലേക്ക് വഴിതുറന്നത്. ഗോളിയെ നിഷ്പ്രഭനാക്കി പന്ത് ഗോളിലേക്ക് കുത്തിവീണു.
കളി അവസാന നിമിഷങ്ങളിലേക്ക് അടുത്തപ്പോള്‍ സമനില ഉറപ്പിച്ച അല്‍ബേനിയ ആലസ്യത്തിലേക്ക് വഴുതിയതിന് ലഭിച്ച അടിയായിരുന്നു ഇത്. ഈ പ്രഹരത്തില്‍നിന്നും മോചിതരാകാന്‍ അല്‍ബേനിയയുടെ മുന്നില്‍ സമയം തീരെയില്ലായിരുന്നു. ഇഞ്ചുറി ടൈമില്‍ തിരിച്ചടിക്കാനുള്ള അല്‍ബേനിയന്‍ ശ്രമം രണ്ടാം ഗോളിനും വഴിയൊരുക്കി. ഇരുപകുതികളിലും രണ്ടു ടീമുകള്‍ക്കും സ്കോര്‍ ചെയ്യാനുള്ള സുവര്ണാവസരങ്ങള് ലഭിച്ചെങ്കിലും മുന്നേറ്റനിരക്ക് മുതലാക്കാനായില്ല.
Discussion about this post