കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ മൃഗപീഡന കേസില്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ അപേക്ഷ നല്‍കും. ഇരിങ്ങോളിലെ പൊലീസ് ഡ്രൈവറുടെ ആടിനെ പ്രതി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കുന്നത്. കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടുമെന്നാണ് സൂചന. അങ്ങനെ കിട്ടിയാല്‍ ജിഷ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
ജിഷയെ കൊലപ്പെടുത്തിയ ദിവസം പ്രതി ധരിച്ച വസ്ത്രം കണ്ടെടുത്തിട്ടില്ല. സുഹൃത്തുക്കളായ അനാറുല്‍ ഇസ്ലാം, ഹര്‍ഷദ് എന്നിവരെയും കണ്ടെത്താനായിട്ടില്ല. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടക്കണം. കൊലക്കു പിന്നില്‍ ബാഹ്യശക്തികളുണ്ടോ എന്ന അന്വേഷണവും പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യങ്ങളില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കുറുപ്പംപടി പൊലീസ് ആണെങ്കിലും ഫയല്‍ ഇപ്പോള്‍ ജിഷ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ പക്കലാണുള്ളത്.
എന്നാല്‍, ആടിനെ പീഡിപ്പിച്ച കേസില്‍ പ്രതിയെ ഒരുദിവസത്തേക്കേ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ സാധ്യതയുള്ളൂവെന്ന് നിയമരംഗത്തുള്ളവര്‍ പറയുന്നു. ഇങ്ങനെ വന്നാല്‍ ജിഷ വധക്കേസിന്റെ തുടരന്വേഷണത്തിന് പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.
നേരത്തേ 10 ദിവസം കസ്റ്റഡിയില്‍ വിട്ടതിനാല്‍ വീണ്ടും ഇക്കാര്യം കോടതി പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഇത്തരം കേസുകളില്‍ പ്രതിയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിടുന്നത് അപൂര്‍വമായേ സംഭവിക്കാറുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Discussion about this post