ഗോഹത്തി:അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ സുപ്രീംകോടതി പുനസ്ഥാപിച്ചു. മന്ത്രിസഭയുടെ അനുമതിയില്ലാതെ അരുണാചലില്‍ ഗവര്‍ണര്‍ നിയമസഭാസമ്മേളനം വിളിച്ചത് തെറ്റെന്നും സുപ്രീംകോടതി. ഗവര്‍ണറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. നബാം തൂകി നല്കിയ ഹര്‍ജിയിലാണ് ഭരണഘടനാ ബഞ്ചിന്റെ വിധി. നിലവിലെ സര്‍ക്കാര്‍ നിയമവിരുദ്ധമെന്നും സുപ്രീംകോടതി. ജനാധിപത്യത്തിന്റെ വിജയമെന്ന് മുന്‍മുഖ്യമന്ത്രി നബാംതൂകി പറഞ്ഞു. ചരിത്രപരമായ വിധിയെന്നും നാബാം തൂകി പറഞ്ഞു.
2016 ജനുവരി 26നാണ് നബാം തുകി മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഈ നടപടിയാണ് സുപ്രീംകോടതി ഇപ്പോള്‍ റദ്ദ് ചെയ്തതും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിക്കുകയും ചെയ്തത്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സര്‍ക്കാരിനെ മറികടന്ന് നിയമസഭാ സമ്മേളനം വിളിച്ച ഗവര്‍ണറുടെ നടപടി തെറ്റാണ്. നിലവിലെ സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ വിജയമെന്നും ചരിത്രപരമായ വിധിയാണിതെന്നുമാണ് അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി നബാം തുകി കോടതിവിധിയെക്കുറിച്ച് പറഞ്ഞു. നബാം തുകിയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
2015 ഡിസംബര്‍ പതിനാറിന് കോണ്‍ഗ്രസ് വിട്ട 21 എംഎല്‍എമാരും പതിനൊന്ന് ബിജെപി എംഎല്‍എമാരും രണ്ടു സ്വതന്ത്രരും ചേര്‍ന്ന് നിയമസഭാ സ്പീക്കര്‍ നബം റെബിയയെ ഇംപീച്ച് ചെയ്തതായി പ്രഖ്യാപിച്ചതോടെയാണ് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രീയപ്രതിസന്ധി രൂപപ്പെട്ടത്. നിലവിലുള്ള സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിടുകയും ജനുവരി 24ന് ചേരേണ്ട നിയമസഭാ സമ്മേളനം പതിനാറിനു വിളിച്ചു ചേര്‍ക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്തു നിയമസഭാ സ്പീക്കര്‍ നിയമസഭാ മന്ദിരം അടച്ചിട്ടു. തുടര്‍ന്നാണ് കമ്യൂണിറ്റി ഹാളില്‍ സഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ വിമതര്‍ക്ക് അനുമതിനല്‍കിയത്.
തുടര്‍ന്നാണ് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞവരും ബിജെപി, സ്വതന്ത്ര എംഎല്‍എമാരും നിയമസഭാ മന്ദിരത്തിനു പുറത്തൊരു കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന് സ്പീക്കറെ ഇംപീച്ച് ചെയ്തത്. ഡെപ്യൂട്ടി സ്പീക്കര്‍ ടി നോര്‍ബു തോംഗ്ഡോക്കും വിമതര്‍ക്കൊപ്പമാണ്. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ബദലായി എംഎല്‍എമാര്‍ സമ്മേളനം ചേര്‍ന്നത്.
അറുപതംഗ നിയമസഭയില്‍ മുഖ്യമന്ത്രി അടക്കം 27 പേര് ബദല്‍സഭയില്‍നിന്നു വിട്ടുനിന്നു. സ്പീക്കറെ ഇംപീച്ച് ചെയ്തതായി പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം വിമതരും ബിജെപി, സ്വതന്ത്ര എംഎല്‍എമാരും ഒരു ഹോട്ടലില്‍ ഒത്തുചേര്‍ന്നു മുഖ്യമന്ത്രിയെ പുറത്താക്കി കോണ്‍ഗ്രസ് വിമത എംഎല്‍എമാരില്‍ ഒരാളെ തല്‍സ്ഥാനത്തു നിയോഗിച്ചെങ്കിലും പിന്നീട് ഗുവാഹത്തി ഹൈക്കോടതി തടഞ്ഞിരുന്നു.
Discussion about this post