ഡല്‍ഹി:നിയമനത്തട്ടിപ്പ് കേസില്‍ പ്രതിയായിട്ടും രാജിവയ്ക്കാന്‍ കൂട്ടാക്കാതെ കസേര സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവെന്ന് റിപ്പോര്‍ട്ട്. പ്രത്യേക ദൗത്യസംഘം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജി ഒഴിവാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി യാദവ്രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണാനുള്ള ശ്രമത്തിലാണ്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാനും യാദവിന് ഉദ്ദേശമുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് രാം നരേഷ് യാദവ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞു എന്നുവരെ മാധ്യമങ്ങള്‍ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പ്രതികരണം പോലും രാജ്ഭവന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. രാജിവച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന ഉപദേശമാണ് രാജി വെക്കാത്തതിന് പിന്നിലെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ നിയമവിദഗ്ധര്‍ അത്തരമൊരു സാധ്യത തള്ളി കളയുന്നു.
വനം വകുപ്പില്‍ അഞ്ച് പേരെ ഗാര്‍ഡുമാരായി നിയമിക്കാന്‍ അദ്ദേഹം മദ്ധ്യപ്രദേശ് നിയമന ബോര്‍ഡില്‍ അവിഹിതസ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തട്ടിപ്പിനും അഴിമതി നിരോധന നിയമ പ്രകാരവുമാണ് ഗവര്‍ണക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ദൗത്യസംഘം യാദിവിനെതിരെ കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി കേസന്വേഷണത്തിന് മേല്‍നോട്ടവും വഹിക്കുന്നുണ്ട്.
അതേസമയം കോണ്‍ഗ്രസ്കാരനായ യാദിവിനെ സഹായിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി. യാദവിന്റെ മകനെതിരെ നിയമനത്തട്ടിപ്പിന് കേസെടുത്ത സംഭവവവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. അധ്യാപകരെ നിയമിക്കാന്‍ ശൈലേഷ് യാദവ് കോള വാങ്ങിയെന്നാണ് ആരോപണം. യാദവിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി
Discussion about this post