ബെംഗളൂരു: കാവേരി നദീജല തര്‍ക്കം രൂക്ഷമാകുന്നു. കാവേരിയില്‍ നിന്ന് തമിഴ്നാടിന് ഇപ്പോള്‍ വെള്ളം വിട്ടുനല്‍കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്നാടിന് ഇന്നുതന്നെ വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശം വന്നതിനു പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.
കര്‍ണാടകയുടെ നടപടി ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നത് ഉള്‍പ്പെടെയുള്ള സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശങ്ങള്‍ നിലനില്‍ക്കെയാണ് കര്‍ണാടക മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിര്‍ദേശം അനുസരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രിയെ അറിയിക്കാനും കോടതി ഇന്ന് കര്‍ണാടകയുടെ അഭിഭാഷകനോട് പറഞ്ഞിരുന്നു. നേരത്തേ ജലം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നപ്പോള്‍ കര്‍ണാടക നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് വെള്ളം വിട്ടുനല്‍കേണ്ടെന്ന് പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം കാണിച്ച് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്നുതന്നെ വെള്ളം വിട്ടുനല്‍കാന്‍ നിര്‍ദേശിച്ചത്.
എന്നാല്‍ നിയസഭ പ്രമേയം നിലനില്‍ക്കേ കര്‍ണാടക മന്ത്രിസഭയ്ക്ക് വെള്ളം വിട്ടുനല്‍കാന്‍ തീരുമാനമെടുക്കാനാകില്ല. അത് സംസ്ഥാന നിയമനിര്‍മാണ സഭയോടുള്ള അനാദരവാകും. അതേസമയം കോടതി നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങും. നിയസഭ പ്രമേയം തിരുത്താന്‍ മറ്റൊരു നിയസഭാ സമ്മേളനം വിളിക്കേണ്ടതുണ്ട്. ഇതിന് സമയമില്ലാത്തതിനാല്‍ നിലവില്‍ കര്‍ണാടക തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാനുള്ള സാഹചര്യമില്ല.
അതേസമയം സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. കോടതി ഉത്തരവ് വന്ന ഉടന്‍ തന്നെ മദ്യക്കടകള്‍ അടച്ചിട്ടു.തലസ്ഥാന നഗരിയായ ബെംഗലൂരുവില്‍ നിരോധനാജ്ഞ തുടരുകയാണ്. മാണ്ഡ്യയിലും മൈസൂരുവിലും ഇതിനോകം തന്നെ കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. ക്രമസമാധാനം പാലിക്കാന്‍ പോലീസും ദ്രുതകര്‍മസേനയും രംഗത്തുണ്ട്.
Discussion about this post