കൊച്ചി: സൗമ്യവധക്കേസിനെ കുറിച്ചുള്ള സൗമ്യയ്ക്ക് നീതി ലഭിക്കാത്തതെന്തേ? എന്ന പ്രത്യേക ചര്‍ച്ചയില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകന് ബി എ ആളൂരിനൊപ്പം സൗമ്യയുടെ അമ്മ സുമതിയേയും പങ്കെടുപ്പിച്ചത് വിവാദമാകുന്നു. ഇരയേയും വേട്ടക്കാരനുവേണ്ടി വാദിച്ച അഭിഭാഷകനെയും യാതൊരു മാനുഷിക പരിഗണനയുമില്ലാതെയാണ് കൈരളി ടെലിവിഷന്‍ ഷോയില്‍ പങ്കെടുപ്പിച്ചതെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായത്. ആളൂര്‍ പങ്കെടുക്കുന്ന വിവരം അറിയിക്കാതെയാണ് സുമതിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്.
പരിപാടിയില്‍ ആളൂര്‍ പങ്കെടുക്കുന്നത് സുമതിയോട് പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നില്ല. പരിപാടിയിടെ ഇടയില്‍ അപ്രതീക്ഷിതമായി ആളൂരിനെ കണ്ടപ്പോള്‍ സുമതി രൂക്ഷമായി പ്രതികരിച്ചു. പരിപാടി നടക്കുന്നതിനിടെ, സംസാരിക്കാന്‍ പോയിട്ട് കാണാന്‍ പോലും ഇഷ്ടപ്പെടാത്ത ആളൂരിനെ കണ്ടപ്പോള്‍ തന്റെ നെഞ്ച് പൊട്ടിപ്പോയെന്ന് സുമതി പറഞ്ഞു. ആളൂര്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ പങ്കെടുക്കില്ലായിരുന്നുവെന്നും അയാളെ കണ്ട ആ നിമിഷം താന്‍ പറഞ്ഞെന്നും സുമതി വ്യക്തമാക്കി.
ദുരന്തത്തിന് കാരണം സൗമ്യ തന്നെയാണെന്ന തരത്തില്‍ തന്റെ നെഞ്ചുപിളര്‍ത്തുന്ന പരാമര്‍ശവും ആളൂര്‍ നടത്തിയെന്ന് സുമതി പറഞ്ഞു. സൗമ്യയ്ക്ക് ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറാമായിരുന്നില്ലേ? എന്നായിരുന്നു ആളൂരിന്റെ ഒരു ചോദ്യം. മാത്രമല്ല, തന്നെ കേസ് ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ താന്‍ ജയിപ്പിക്കുമായിരുന്നുവെന്നും ആളൂര്‍ പറഞ്ഞതായി സുമതി പറഞ്ഞു.
പരിപാടിയുടെ പരസ്യ വീഡിയോ പുറത്തുവിട്ടത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് ഇടയായി. ഇതേതുടര്‍ന്ന് കൈരളിയുടെ വെബ് സൈറ്റില്‍നിന്നും ഈ വീഡിയോ പിന്‍വലിച്ചിട്ടുണ്ട്.
Discussion about this post