കൊച്ചി: യുവവ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം സക്കീര്‍ ഹുസൈനെതിരെയും വടക്കാഞ്ചേരിയിലെ കൂട്ടബലാത്സംഗ ആരോപണത്തില്‍ ജയന്തനെതിരെയും പാര്‍ട്ടിതല അന്വേഷണം. സക്കീര്‍ ഹുസൈനെതിരായ ആരോപണത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീമാണ് അന്വേഷിക്കുക. കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സക്കീര്‍ ഹുസൈനെതിരെ എന്ത് തുടര്‍നടപടി വേണം എന്ന കാര്യം തീരുമാനിക്കുക.
കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തല്‍സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു. വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കറുകപ്പിള്ളി സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സംഘം കളമശേരിയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്കു തന്നെ ബലമായി കൂട്ടിക്കൊണ്ടു പോയി, പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന് അവിടെ വച്ചു ഭീഷണിപ്പെടുത്തിയെന്നുമാണു ജൂബിയുടെ പരാതിയില്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടവിലാക്കല്‍, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ സക്കീര്‍ ഹുസൈന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. സക്കീര്‍ നിരപരാധിയാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയെങ്കിലും സക്കീര്‍ ഹുസൈന് കീഴടങ്ങാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും നീക്കമുണ്ട്.
തൃശൂര്‍ വടക്കാഞ്ചേരിയിലെ കൂട്ടബലാത്സംഗ കേസില്‍ ആരോപണ വിധേയനായ സിപിഐഎം. നേതാവ് ജയന്തനെതിരെ ജില്ലാ തലത്തില്‍ അന്വേഷണം നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയിലെ സിപിഐഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ പി.എന്‍. ജയന്തനടക്കം നാലുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയും ബ്ലാക്മെയില്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട യുവതിയും ഭര്‍ത്താവും ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്. ഭാഗ്യലക്ഷ്മിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ചും പൊലീസ് ഇതില്‍ നടപടി എടുക്കാത്തതിനെക്കുറിച്ചുമുളള വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത്.
Discussion about this post