ഡല്‍ഹി: ക്രിക്കറ്റില്‍ ലോകറെക്കോര്‍ഡ് നേടി ഗുജറാത്ത് ബാറ്റ്സ്മാന് സമിത് ഗൊഹെല്‍. ഒഡീഷക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഓപ്പണര്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്കോര്‍ കണ്ടെത്തിയാണ് സമിത് ഗൊഹെല്‍ ലോകറെക്കോര്‍ഡ് നേടിയത്. 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത സമിത് പുറത്താകാതെ 723 പന്തില്‍ നിന്ന് 359 റണ്‍സാണ് നേടിയത്.
1899-ല്‍ ഓവലില്‍ നടന്ന മത്സരത്തില്‍ സോമര്‍സെറ്റിനെതിരെ സറേയ്സിന്റെ ബോബി ആബെല്‍ നേടിയ 357 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡും സമിത് സ്വന്തമാക്കി.
45 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു ഇരുപത്തിയാറുകാരനായ സമിത് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്. രണ്ടാം ഇന്നിങ്സില്‍ 641 റണ്‍സിന് പുറത്തായ ഗുജറാത്ത് അവസാന ദിനമായ ഇന്ന് 706 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഒഡീഷയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.
Discussion about this post