ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബി.എസ്.പി നേതാവ് മായാവതിയുടെ സഹോദരന് ആനന്ദ് കുമാറിന്റെ ആസ്തിയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. നേരത്തെ 7.5 കോടിയുണ്ടായിരുന്ന ആസ്തി ഇപ്പോള്‍ 1,300 കോടി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മായാവതി യു.പി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ബിനാമി ഇടപാടുകള്‍, ദുരൂഹത നിറഞ്ഞ കോടിക്കണക്കിന് രൂപയുടെ ലോണുകള്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഡെല്‍ഹി ആസ്ഥാനമായുള്ള ആകൃതി ഹോട്ടല്‍സ് എന്ന സ്ഥാപനത്തിന് മൂന്നു ഡയറക്ടര്‍മാരാണ് ഉള്ളത്. കൂടാതെ 37 ഓളം ഓഹരി ഉടമസ്ഥരും ഉണ്ട്. എന്നാല്‍ ഇവയൊന്നും നിയമപരമായുള്ളതല്ലെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമാവുന്നത്. ഈ കമ്ബനിയില്‍ ഈടുപത്രത്തിലൂടെ ആനന്ദിന് നിക്ഷേപങ്ങളുണ്ട്. ഇതില്‍ ചില കമ്പനികള്‍ അവരുടെ ഓഹരി ഉടമസ്ഥരെ ഷെല്‍ കമ്പനികളായാണ് പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. അവയെല്ലാം രേഖകളില്‍ മാത്രം നിലനില്ക്കുന്നവയാണ്. മൂന്നു വ്യത്യസ്ത കമ്പനികള്‍, ഭാസ്കര്‍ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡ്, ക്ലിഫ്റ്റണ്‍ പീയര്‍സണ്‍ എക്സ്പോര്‍ട്ട് ആന്‍ഡ് ഏജന്‍സീസ്, ഡെല്റ്റണ് എക്സിം പ്രൈവറ്റ് ലിമിറ്റഡ്, ഗംഗ ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് ആകൃതി ഹോട്ടലില്‍ 5,00,150 ഷെയറുകളുടെ നിക്ഷേപമുണ്ട്. എന്നാല്‍ ഇവ മൂന്നും കൊല്‍ക്കത്തിയിലെ മഹേഷ്ത്തലയിലുള്ള ഒരേ കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മൂന്നിന്റേയും ഡയറക്ടര്‍മാര്‍ ഒരാള്‍ തന്നെയാണെന്നുമാണ് രേഖകളില്‍ കാണുന്നത്.
എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ആ പ്രദേശത്ത് അങ്ങനെയൊരു ഓഫീസ് ഉള്ളതായി കണ്ടെത്താനായില്ല. ആകൃതി ഹോട്ടലില്‍ തന്നെ 27,000 ഷെയറുകള്‍ ഉള്ള നോവല്‍റ്റി ട്രേഡേഴ്സ് എന്ന കമ്പനിയുടെ കാര്യവും ഇതുതന്നെയാണ്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇവയെല്ലാം രേഖകളില്‍ മാത്രമുള്ള കമ്പനികളാണെന്നാണ് വ്യക്തമായത്.
Discussion about this post