ഹൈദരാബാദ്: വ്യാഴാഴ്ച്ച ഹൈദരാബാദിലെ ഉപ്പലിലുള്ള രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ആരംഭിക്കും. ആകെ ഒരു ടെസ്റ്റ് മാത്രമാണ് പരമ്പരയിലുള്ളത്.
അതേസമയം ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് പകരം അജിങ്ക്യ രഹാനെയെ കളിപ്പിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി രംഗത്തെത്തി. ടെസ്റ്റിന് മുമ്പ് ഹൈദരാബാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്ലി.
ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി സ്വന്തമാക്കിയ ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡ് നേടിയിരുന്നു കരുണ്‍ നായര്‍. ഇത്രയും മികച്ച പ്രകടനം നടത്തിയ കരുണിന് പകരം രഹാനെയെ അവസാന ഇലവനില്‍ കളിപ്പിക്കാനുള്ള തീരുമാനത്തെ പലരും വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കോഹ്ലി ഇരുവരുടെയും കാര്യത്തില്‍ തന്റെ നയം വ്യക്തമാക്കിയത്.
കരുണ്‍ നായരുടെ ഒരു മികച്ച ഇന്നിങ്സിന് അജിങ്ക്യ രഹാനെയുടെ രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തെ മറികടക്കാനാവില്ലെന്ന് കോഹ്ലി വ്യക്തമാക്കി. ടെസ്റ്റില്‍ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാനാണ് രഹാനെയെന്നും രഹാനെയുടെ ബാറ്റിങ് ശരാശരി അമ്പതിന് മുകളിലാണെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.
Discussion about this post