എറണാകുളം: നടൻ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ആരോഗ്യസ്ഥിതി മെച്ചമായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നടൻ ചികിത്സയിൽ തുടരുന്നത്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഒരാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയെ തുടർന്നാണ് അദ്ദേഹം ചികിത്സ തേടിയത്. എന്നാൽ ഇതിനിടെ ആരോഗ്യനില മോശമാകുകയായിരുന്നു. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ശേഷമായിരുന്നു ആശുപത്രി അധികൃതർ വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. വ്യാഴാഴ്ചവരെ അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. എന്നാൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. രോഗം ഭേദമായി എത്രയും വേഗം അദ്ദേഹം ആശുപത്രിയിൽ നിന്നും മടങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അദ്ദേഹത്തിനൊപ്പം ഭാര്യയും മക്കളും ആശുപത്രിയിലുണ്ട്.












