തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് രംഗത്തെത്തി. ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. പോലീസിന്റെ പിടിപ്പുകേടാണെന്നും കര്‍ശനമായ നടപടി തന്നെ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും കുമ്മനം വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീയുവാക്കളെ ശിവസേനക്കാര്‍ ഓടിച്ചിട്ട് ചൂരല്‍ വടിക്ക് അടിച്ചത്. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന സംഭവത്തില്‍ പോലീസ് നിഷ്ക്രിയമായി പെരുമാറിയതിനെതിരെ സിപിഎം എറണാകുളം ജില്ലാക്കമ്മറ്റിയും രംഗത്തെത്തിയിട്ടുണ്ട്. പോലീസ് ശിവസേനയുടെ അക്രമത്തിന് കൂട്ടു നില്‍ക്കുകയായിരുന്നെന്നും പോലീസിനെതിരേ നടപടി വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രതികരിച്ചു. ആധുനിക സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത ഗുണ്ടായിസവും കാട്ടാളത്തവും അഴിഞ്ഞാട്ടവുമെന്നായിരുന്നു സിപിഎം പ്രതികരിച്ചത്.
സംഭവം അപലപനീയമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ വിഎം സുധീരനും പ്രതികരിച്ചു. ശിവസേന പ്രവര്‍ത്തകര്‍ യുവതീയുവാക്കളെ ആക്രമിക്കുമ്പോള്‍ ഇടപെടാതിരുന്ന പോലീസ് നടപടി അര്ഹിക്കുന്നെന്നായിരുന്നു സുധീരന്റെ പ്രതികരണം. സംഭവം നടക്കുമ്പോള്‍ പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പ്രതികരിച്ചില്ലെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ആരോപണം. എന്നാല്‍ പിന്നീട് അക്രമം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post